കാസർകോട്: പരീക്ഷാപരാജയങ്ങൾ ജീവിതത്തിന്റെ അവസാനമല്ലെന്ന് തെളിയിച്ചുകൊണ്ട്, തളർന്നുപോയ കൗമാരക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് കേരള പൊലീസിന്റെ ‘ഹോപ്’ പദ്ധതി. 10ാം ക്ലാസ്, 12ാം ക്ലാസ് പരീക്ഷകളിൽ പരാജയപ്പെട്ട് സമൂഹത്തിൽനിന്നും കുടുംബങ്ങളിൽനിന്നും ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേരളത്തിൽ പ്രതിവർഷം ശരാശരി 4.5 ലക്ഷം കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നുണ്ട്. 98 ശതമാനം വിജയം ആഘോഷിക്കപ്പെടുമ്പോഴും ബാക്കിവരുന്ന രണ്ട് ശതമാനം കുട്ടികൾ, അതായത് ഏകദേശം പതിനായിരത്തോളം പേർ, വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് പുറന്തള്ളപ്പെടുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട് അപകർഷതാബോധത്തിന് അടിപ്പെടുന്ന കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിമാഫിയകളുടെയും ക്രിമിനൽ സംഘങ്ങളുടെയും വലയിലകപ്പെടാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് ഇത്തരമൊരു പദ്ധതിക്ക് പൊലീസിനെ പ്രേരിപ്പിച്ചത്. ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
2019ലാണ് ജില്ലയിൽ ഹോപ് പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ മുന്നൂറ്റമ്പതിലധികം കുട്ടികളാണ് ഈ പദ്ധതിയിലൂടെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. കാസർകോട് പൊലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ലേണിങ് സെന്റർ കേന്ദ്രീകരിച്ചാണ് നിലവിൽ ഹോപ്പിന്റെ പ്രവർത്തനം. ഇവിടെ റിസോഴ്സ് പേഴ്സൻ, മാസ്റ്റർ ട്രെയിനർമാർ, മെന്റർമാർ, സോഷ്യൽ കൗൺസിലർമാർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഹോപ്പിലൂടെ പരീക്ഷയെഴുതിയ 75 കുട്ടികളും വിജയിച്ചതോടെ നൂറുശതമാനം നേട്ടം കൈവരിക്കാൻ ജില്ലക്ക് സാധിച്ചു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് വഴി ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടിയവരിൽ 82 ശതമാനം പേരും വിജയിച്ചു. ഈ മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലയായി കാസർകോട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 82 കുട്ടികളാണ് ജില്ലയിൽ ഹോപ്പിന് കീഴിൽ പഠിക്കുന്നത്. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയേക്കാവുന്ന അല്ലെങ്കിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് എത്തിപ്പെട്ടേക്കാവുന്ന ഒരു തലമുറയെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഹോപ്പിന് സാധിക്കുന്നു -ഹോപ് അസി. നോഡൽ ഓഫിസർ പി.കെ. രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.