കാസർകോട്: കാസർകോടിന്റെ ആരോഗ്യമേഖലക്ക് ഉണർവായേക്കാവുന്ന ഉദ്ഘാടനങ്ങളാണ് വെള്ളിയാഴ്ച ജില്ലയിൽ നടന്നത്. കാസർകോടിന് എന്നും പേരുദോഷമുണ്ടാക്കിയത് ആരോഗ്യമേഖലയായിരുന്നു. ഇന്നതിൽ മാറ്റമുണ്ടായി. സൂപ്പർ സ്പെഷാലിറ്റി ചികിത്സ സാക്ഷാത്കരിക്കാൻ കാസർകോടിന് കഴിഞ്ഞു. മെഡിക്കൽ കോളജിൽ ന്യൂറോളജി തസ്തിക സൃഷ്ടിച്ചു. ജില്ലയില്‍ ആദ്യമായി കാര്‍ഡിയോളജിസ്റ്റുകളുടെ സേവനവും കാത്ത് ലാബ് പ്രവര്‍ത്തനവും സജ്ജമാക്കി.
സി.സി.യു, 1837 പ്രൊസീജിയറുകള്‍ എന്നിവ പൂര്‍ത്തിയാക്കി. കോവിഡിനു ശേഷം നിർജീവമായ ടാറ്റ ആശുപത്രിയുടെ സ്ഥാനത്ത് സ്പെഷാലിറ്റി ആശുപത്രി നിർമാണം വെള്ളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം നടത്തിയതും ജില്ലയിലെ ആരോഗ്യമേഖലക്ക് മുതൽക്കൂട്ടായി. ജില്ലയിൽ ‘അമ്മയും കുഞ്ഞും’ ആശുപത്രി നിർമാണം പൂർത്തിയാക്കുകയും പ്രവർത്തനസജ്ജമാവുകയും ചെയ്തു. മഞ്ചേശ്വരം താലൂക്ക്
ആശുപത്രിയിൽ ബഹുനില കെട്ടിടനിർമാണം ആരംഭിക്കാനായി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ അരക്കോടി ചെലവഴിച്ച് സ്പെഷല്‍ ന്യൂ ബോണ്‍ കെയര്‍ യൂനിറ്റും അത്യാധുനിക സംവിധാനത്തോടെ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബും സജ്ജമാക്കി. ജില്ല ടി.ബി സെന്റർ നിർമാണം പൂർത്തീകരിച്ചു.
ബദിയഡുക്ക: കാസർകോട് ഗവ. മെഡിക്കൽ കോളജ് പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ 56 കോടി കൂടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മെഡിക്കൽ കോളജ് കെട്ടിടനിർമാണം നാലു മാസത്തിനകം പൂർത്തിയാക്കുമെന്നും കെട്ടിടം പണി പൂർത്തിയായ ഉടൻ ചെർക്കളയിൽ പ്രവർത്തിക്കുന്ന കോളജ് ഹോസ്റ്റൽ ഉക്കിനടുക്കയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ബദിയഡുക്ക: മെഡിക്കൽ കോളജ് പ്രവേശനോത്സവ ഉദ്ഘാടനത്തിന് ബി.ജെ.പി പ്രതിനിധികളെ ക്ഷണിക്കാത്തതിൽ ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിന് കേന്ദ്ര സർക്കാറാണ് അനുമതി നൽകിയത്. യുവമോർച്ചയും ബി.ജെ.പിയും മെഡിക്കൽ കോളജ് യാഥാർഥ്യമാകാൻ സമരങ്ങളും നടത്തിയിരുന്നു.
എം.ബി.ബി.എസ് കോഴ്സ് തുടങ്ങുമ്പോൾ സംസ്ഥാന സർക്കാർ തനിനിറം കാണിച്ചു. അവഗണന തുടർന്നാൽ ശക്തമായ സമരം നടത്തുമെന്ന് ബി.ജെ.പി ബദിയഡുക്ക മണ്ഡലം കമ്മിറ്റി അറിയിച്ചു.
ബദിയഡുക്ക: വെള്ളിയാഴ്ച രാവിലെ ഗവ. മെഡിക്കൽ കോളജ് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ എം.എൽ.എയുടെ ഖേദപ്രകടനവും ആരോഗ്യമന്ത്രി വീണ ജോർജിന്റെ മറുപടിയും കൈയടി നേടി. ഇതോടെ എൻ.എ. നെല്ലിക്കുന്നും സദസ്സും നിറഞ്ഞ ഹാപ്പി.
അധ്യക്ഷപ്രസംഗം നടത്തിയ എം.എൽ.എയുടെ ഖേദപ്രകടനമായിരുന്നു. ‘ഞാൻ പലതവണ നിയമസഭയിൽ ആരോഗ്യമന്ത്രിയെ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രയോഗം നടത്തിയിട്ടുണ്ട്. പക്ഷേ, അതൊക്കെ കാസർകോടിന്റെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു, അതൊക്കെ മന്ത്രിക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ഖേദിക്കുന്നു’വെന്നും എം.എൽ.എ പറഞ്ഞു.
ഇതിന് മറുപടിയെന്നോണം മന്ത്രി ഉദ്ഘാടനത്തിൽ പറഞ്ഞത് ഇങ്ങനെ: ‘അങ്ങനെ എം.എൽ.എ വേദനിപ്പിക്കുന്ന വാക്കുപറഞ്ഞതായി ഞാൻ ഓർക്കുന്നേയില്ല, നമ്മൾ നടത്തുന്ന പ്രവർത്തനങ്ങളൊക്കെ ഒറ്റക്കെട്ടായാണല്ലോ... ഞാൻ ഭരണപക്ഷത്തും നിങ്ങൾ പ്രതിപക്ഷത്തുമിരിക്കുന്നുവെന്ന മാറ്റം മാത്രമല്ലേയുള്ളൂ എന്നും മന്ത്രി പറഞ്ഞു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.