കുമ്പള ബദ്രിയ നഗറിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറി
കാസർകോട്: കുമ്പള പഞ്ചായത്തിലെ 20ാം വാർഡിലെ ബദ്രിയാ നഗറിൽ ചെങ്കൽക്വാറിയിലെ പൊടിപടലങ്ങൾ തിന്നാൻ വിധിക്കപ്പെട്ട് നാട്ടുകാർ. ബദ്രിയ നഗർ അംഗൻവാടി റോഡ് പരിസരത്ത് പ്രവർത്തിക്കുന്ന അനധികൃത ക്വാറികളിൽനിന്നുള്ള ചെങ്കൽ പൊടി ശ്വസിച്ച് ഇരുപതോളം കുടുംബങ്ങളാണ് മാറാരോഗങ്ങളുടെ പിടിയിലായിരിക്കുന്നതെന്ന് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വർഷങ്ങളായി തുടരുന്ന അനധികൃത ചെങ്കൽക്വാറിയാണിത്. കാറ്റിൽ പറന്നെത്തുന്ന പൊടിപടലങ്ങൾ കുട്ടികളുടെയും വയോധികരുടെയും ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
പ്രദേശത്തെ വീടുകളും കിണറുകളും ചെങ്കൽപൊടിയിൽ മുങ്ങിയിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. രാവിലെ വീട്ടുപകരണങ്ങൾ കഴുകിവൃത്തിയാക്കിയാലും വൈകീട്ടാകുമ്പോഴേക്കും പൊടിനിറഞ്ഞ് വൃത്തികേടാകും. ക്വാറിമൂലം ഏറെ ദുരിതാവസ്ഥയിലായത് പ്രദേശത്തെ അർബുദരോഗികളാണ്. രോഗാവസ്ഥയിൽ പോലും സമാധാനമായൊന്ന് കിടന്നുറങ്ങാൻപോലും കഴിയാത്ത സാഹചര്യമാണ്. പിഞ്ചുകുട്ടികളും വയോധികരുമടക്കമുള്ളവർ ഗുരുതരമായ ആരോഗ്യപ്രതിസന്ധി നേരിടുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും പ്രദേശവാസികൾക്കുണ്ട്.
ജനവാസമേഖലയിൽ ക്വാറി നടത്തുമ്പോൾ പാലിക്കേണ്ട ഒരുവിധ സുരക്ഷമാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. വീടുകളിൽനിന്ന് കൃത്യമായ അകലം പാലിച്ച് ക്വാറിക്ക് ചുറ്റും സുരക്ഷാവലയമൊരുക്കി ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം രേഖാമൂലം വാങ്ങിയശേഷം ചെങ്കൽക്വാറി പ്രവർത്തിക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ നാലു മുതൽ വൈകീട്ട് അഞ്ചുവരെയും ചില ദിവസങ്ങളിൽ രാത്രിയും ക്വാറി പ്രവർത്തിക്കും. കുമ്പള ഗ്രാമപഞ്ചായത്ത്, ജിയോളജി വകുപ്പ്, തഹസിൽദാർ, കലക്ടർ എന്നിവർക്ക് നാട്ടുകാർ പരാതികൾ നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് ആക്ഷേപം.
ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധബന്ധമാണ് ഈ നിശ്ശബ്ദതക്ക് പിന്നിലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്. അടിയന്തരമായി ഈ അനധികൃത ഖനനം നിർത്തലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാവുന്നില്ലെങ്കിൽ ശക്തമായ ബഹുജനസമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ആദ്യഘട്ടമെന്നനിലയിൽ പെരുന്നാളിനുശേഷം പഞ്ചായത്ത് ഓഫിസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.