നീലേശ്വരം: പ്രതികളെ പിടികൂടിയാൽ നീലേശ്വരത്തെ പൊലീസ് ഉദ്യോഗസ്ഥർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. കാരണം പ്രതികളെ പാർപ്പിക്കാൻ സ്റ്റേഷനിൽ ലോക്കപ്പ് മുറിയില്ല. ജില്ലയിൽ ദേശീയ പാതക്കരികിൽ പ്രവർത്തിക്കുന്നതും ലോക്കപ്പ് മുറിയില്ലാത്തതുമായ ഏക സ്റ്റേഷൻ നീലേശ്വരത്തേതാണ്. പ്രതികളെ പിടിച്ചാൽ ഹൊസ്ദുർഗ് സ്റ്റേഷനിൽ എത്തിച്ച് അവിടത്തെ ലോക്കപ്പിൽ അടക്കേണ്ട ഗതികേടിലാണ് നീലേശ്വരത്തെ പൊലീസുകാർ. ഇത് സമയനഷ്ടവും ജോലിഭാരവും ഇരട്ടിപ്പിക്കുകയാണ്.
1957ൽ നിർമിച്ച പഴയ സ്റ്റേഷൻ ഇരുനില കെട്ടിടം കാലപ്പഴക്കം മൂലം പൊളിച്ചുനീക്കിയ ശേഷം സമീപത്തെ സർക്കിൾ ഓഫിസ് കെട്ടിടത്തിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തനം നടക്കുന്നത്. എന്നാൽ, കെട്ടിടം പൊളിച്ച് ഒരുവർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം ഉയർന്നില്ല. ഇപ്പോൾ പ്രവർത്തിക്കുന്ന മൂന്ന് മുറികളുള്ള കെട്ടിടത്തിൽ പൊലീസുകാരും പരാതിക്കാരും പ്രതികളായവരുമൊക്കെ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് ശുചിമുറി സൗകര്യം പ്രത്യേകമായി ഇല്ല.
വനിത പൊലീസ് ഉദ്യോഗസ്ഥരടക്കം 42 പേരാണ് 24 മണിക്കൂറും ജനങ്ങൾക്കായി സേവനം നടത്തുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ മൂന്നു കോടി രൂപയാണ് നീക്കിവെച്ചത്. നീലേശ്വരം ജനമൈത്രി പൊലീസ് സ്റ്റേഷൻ കൂടിയാണ്. എന്നിട്ടും ആധുനിക സൗകര്യങ്ങളോടെ കെട്ടിടമില്ല. തിങ്കളാഴ്ച ജില്ലയിൽ എത്തുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നീലേശ്വരം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കണ്ട് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.