പ്രതീകാത്മക ചിത്രം
കാസർകോട്: ബേക്കലിലേക്ക് സ്ഥലംമാറ്റിയ ഡിവൈ.എസ്.പി ജില്ല കോൺഗ്രസ് രോഷത്തെ തുടർന്ന് ചുമതലയേൽക്കുംമുമ്പ് തെറിച്ചു. ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റത്തിനു പിന്നാലെ ജില്ലയിലെത്തിയ ആഭ്യന്തര മന്ത്രി തിരിച്ചുപോകും മുമ്പ് ബേക്കലിൽ നിയമിതനായ വി.കെ. വിശ്വംഭരൻനായരെ വിജിലൻസിലേക്ക് മാറ്റുകയായിരുന്നു.
കല്യോട്ട് ഇരട്ടക്കൊല കേസ് കാലയളവിൽ ബേക്കലിൽ ചുമതലയുണ്ടായിരുന്ന വി.കെ. വിശ്വംഭരൻ നായരെ ഡിവൈ.എസ്.പിയായി ബേക്കലിൽ നിയമിച്ചതാണ് കോൺഗ്രസിൽ കലാപത്തിന് വഴിയൊരുക്കിയത്. സി.പി.എം അനുഭാവിയെന്ന് ആരോപണ വിധേയനായ വിശ്വംഭരൻ നായരെ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ ഇരട്ടക്കൊല നടന്ന കല്യോട്ട് പരിധിയിലുള്ള ബേക്കൽ ഡിവിഷനിൽ നിയമിച്ചതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഡി.സി.സി നേതൃത്വത്തെയും ഞെട്ടിച്ചത്.
സ്ഥലംമാറ്റ ഉത്തരവ് കോൺഗ്രസിൽ കലാപത്തിന് തിരികൊളുത്തി. ജില്ലയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് മാധ്യമപ്രവർത്തകർ വിഷയം ഉന്നയിച്ചപ്പോൾ സ്ഥലംമാറ്റുമ്പോൾ ഡിവൈ.എസ്.പിമാരുടെ ജാതകം നോക്കാനാവില്ലെന്ന് പറഞ്ഞതോടെ രോഷം കനത്തു. പ്രവർത്തകർ മന്ത്രിയെ നേരിട്ട് വിളിച്ച് പ്രതിഷേധ പ്രകടിപ്പിക്കാൻ തുടങ്ങി. അതേസമയം ഉദുമ, കാസർകോട് എം.എൽ.എമാർ വിശ്വംഭരനുവേണ്ടി നിലകൊണ്ടു. എന്നാൽ, വിശ്വംഭരന്റെ നിയമനത്തിൽ ഡി.സി.സിയും ഇടഞ്ഞു. ഒരു എം.എൽ.എയും ഡി.സി.സി പ്രസിഡന്റും തമ്മിൽ വാക്കേറ്റം വരെയെത്തി. ഡിവൈ.എസ്.പിയെ മാറ്റിയാൽ എം.എൽ.എ സ്ഥാനം വരെ രാജിവെക്കുമെന്ന് ഭീഷണിയുണ്ടായി.
എന്നാൽ, രാത്രിയോടെ ആഭ്യന്തര മന്ത്രിക്ക് പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയുണ്ടായി. തുടർന്ന് ബേക്കലിൽ ചുമതലയേൽക്കുംമുമ്പ് വിശ്വംഭരനെ വിജിലൻസിലേക്ക് മാറ്റി. കാസർകോട് വിജിലൻസിലേക്ക് മാറ്റിയാണ് ഉത്തരവ് പുറത്തുവന്നത്. കണ്ണൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. വിനോദ് കുമാറിനെയാണ് ബേക്കലിൽ നിയമിച്ചത്.
കല്യോട്ടെ സംഭവ വികാസങ്ങളിൽ, വിശ്വംഭരൻ കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവർത്തിച്ചെന്ന് ആരോപണമുണ്ടായിരുന്നു. നിലമ്പൂരിൽ നിന്നാണ് വിശ്വംഭരനെ ബേക്കലിൽ നിയമിച്ചത്. മുസ്‍ലിം ലീഗ് എം.എൽ.എയുടെയും സമുദായ സംഘടനയുടെയും താൽപര്യത്തിലാണ് ഇടത് അനുകൂലിയായ വിശ്വംഭരനെ ഇരട്ടക്കൊല നടന്ന കല്യോട്ട് ഉൾപ്പെടുന്ന ബേക്കൽ ഡിവിഷനിലേക്ക് സ്ഥലം മാറ്റിയതെന്നാണ് പറയുന്നത്.
2017ൽ കല്യോട്ട് ഇരട്ടക്കൊലക്ക് മുമ്പ് എ. പീതാംബരനെ മർദിച്ച കേസിൽ, കൊല്ലപ്പെട്ട ശരത് ലാൽ പ്രതിയായിരുന്നു. ഈ കേസിൽ പ്രതിചേർക്കപ്പെട്ട ശരത്‍ലാലിനെ അറസ്റ്റ് ചെയ്യാൻ അന്ന് ബേക്കൽ ഇൻസ്പെക്ടറായ വിശ്വംഭരൻ നേരിട്ട് വീട്ടിലെത്തി. അപ്പോഴേക്കും ശരത്‍ലാൽ ഒളിവിൽപോയിരുന്നു. ‘മകനെ കിട്ടിയില്ലെങ്കിൽ നിന്റെ ഓനെ (ഭർത്താവിനെ) പൊക്കും’ എന്ന് ശരത്‍ലാലിന്റെ അമ്മയോട് വിശ്വംഭരൻ പറഞ്ഞതായാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ‘‘എൽ.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷക്കാരനായും യു.ഡി.എഫ് കാലത്ത് ജാതിക്കാരനായും ഭരണസേവ നടത്തുന്നതിനോട് യോജിക്കാനാവില്ല’’ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തോട് പ്രതികരിച്ചു.
കല്യോട്ട് കേസുകളിൽ വിശ്വംഭരനെതിരായ രോഷം ആഭ്യന്തര മന്ത്രിയെ ബോധ്യപ്പെടുത്താതെ ബേക്കലിൽ നിയമിക്കാനുള്ള എം.എൽ.എമാരുടെ ശ്രമമാണ് കോൺഗ്രസ് പ്രവർത്തകർ പൊളിച്ചത്. കുണ്ടംകുഴി സ്വദേശിയായ വിശ്വംഭരനുവേണ്ടി ക്ഷേത്രകമ്മിറ്റിയും സമുദായ സംഘടനയുമാണ് ശിപാർശ നടത്തിയതെന്നാണ് വിവരം. നീക്കങ്ങൾ രഹസ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.