കടലാക്രമണം രൂക്ഷമായ മൊഗ്രാൽപുത്തൂർ കാവുഗോളി കടപ്പുറം
കാസർകോട്: ജില്ലയിൽ കടലാക്രമണം രൂക്ഷമാകുന്നു. മൊഗ്രാൽ പുത്തൂർ കാവുഗോളി കടപ്പുറത്ത് 200 മീറ്ററോളം കടൽ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത് പ്രദേശത്ത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഏത് നിമിഷവും തീരദേശ റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്. സമാനമായ അവസ്ഥ ചേരങ്കൈ കടപ്പുറത്തുമുണ്ട്.
ഇവിടെ കടലേറ്റം നിരവധി വീടുകൾക്കും ഭീഷണിയായിട്ടുണ്ട്. കാലവർഷം ശക്തിപ്പെട്ടാൽ തീരദേശ വാസികൾക്ക് നെഞ്ചിടിപ്പാണ്. മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കഴിഞ്ഞവർഷം തന്നെ ഇവിടങ്ങളിൽ കടലെടുത്ത റോഡുകൾ ഇനിയും പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കടലാക്രമണം ദുരിതം വിതക്കുന്നത്. കുമ്പള പെർവാഡ്, നാങ്കി കടപ്പുറം, കീഴൂർ, ചെമ്പിരിക്ക, ഉദുമ, തൃക്കണ്ണാട് തുടങ്ങിയ തീരപ്രദേശങ്ങളിൽ കഴിഞ്ഞവർഷം രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്നു.
ജില്ലയിലെ തീരമേഖലയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നുണ്ട്. ഇതിൽ ജീവൻ നഷ്ടപ്പെട്ടവരും വീടുകൾ നഷ്ടപ്പെട്ടവരുമുണ്ട്. ഒപ്പം സ്ഥലം നഷ്ടപ്പെട്ടവർ, ഉപജീവനമാർഗമായ വലയും വള്ളവും നഷ്ടപ്പെട്ടവർ ഏറെയാണ്. കടലാക്രമണം നേരിടാൻ ശാശ്വതമായ പരിഹാരം എന്ന നിലയിൽ തീരദേശവാസികൾ ശാസ്ത്രീയമായ ‘ടെട്രോപോഡ്’ കടൽഭിത്തി നിർമിക്കാൻ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും അധികൃതർ ചെവികൊണ്ടമട്ടില്ല.
കഴിഞ്ഞവർഷം സന്നദ്ധ സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചെറുകിട ജലസേചന വകുപ്പ് തീരദേശങ്ങളിൽ ടെട്രോപോഡ് കടൽഭിത്തി നിർമിക്കാൻ സർക്കാറിന് പ്രപ്പോസൽ സമർപ്പിച്ചിരുന്നുവെങ്കിലും അതിലും നടപടി ഉണ്ടായിട്ടില്ല. ഇപ്പോഴും കടൽക്ഷോഭത്തെ നേരിടാൻ കരിങ്കല്ല് കൊണ്ടുള്ള കടൽ ഭിത്തി നിർമിക്കാനാണ് അധികൃതർക്ക് താൽപര്യം. ഇത് തീരസംരക്ഷണത്തിന് ഉതകുന്നുമില്ല. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഇത്തരം കടൽഭിത്തികൾ കടലെടുക്കുകയും ചെയ്യുന്നു. ഇതുവഴി കോടികളാണ് വർഷംതോറും അധികൃതർ കടലിൽ കളയുന്നത്.
കടലാക്രമണമുണ്ടായ പ്രദേശങ്ങൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജില്ല ഭരണകൂടവും റവന്യൂ അധികൃതരും സന്ദർശിക്കുക മാത്രമാണ് ചെയ്യുന്നത്. തീരസംരക്ഷണത്തിനായുള്ള ശാശ്വതമായ ഒരു പദ്ധതികളും ജില്ലയിൽ പ്രാബല്യത്തിൽ വരുന്നതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.