എൽ.ഡി.എഫിന്റെ ബാലികേറാമലയായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത്

കാസർകോട്: കേരളത്തിൽ എൽ.ഡി.എഫിന് ഒരു സീറ്റുപോലുമില്ലാത്ത ഏക ബ്ലോക്കാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത്. ഇവിടെ പല ഡിവിഷനിലും കടുത്ത മത്സരമാണ് നടക്കുന്നത്. ബ്ലോക്കിൽ കൂടുതൽപേർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തെക്കിൽ ഡിവിഷനിലാണ്. കുടയും ഏണിയും താമരയും ചുറ്റികയും അരിവാളും നക്ഷത്രവും ജീപ്പും എന്ന് വേണ്ട പല ചിഹ്നങ്ങളുമായി അഞ്ചു സ്ഥാനാർഥികളാണിവിടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്.

മൊഗ്രാൽ ഡിവിഷനിലും സ്ഥിതി മറിച്ചല്ല. റോസാപ്പൂവും കൈയും വഞ്ചിയും ചുറ്റികയും അരിവാളും നക്ഷത്രവും താമരയുമായി ഇവിടെയും അഞ്ചുപേരാണ് സ്ഥാനാർഥികൾ.

കുമ്പള റെയിൽവേ സ്റ്റേഷൻ, ചൂരി, പാടി, സിവിൽ സ്റ്റേഷൻ ഡിവിഷനുകളിൽ നാലു സ്ഥാനാർഥികളും മേൽപറമ്പ് ഡിവിഷനിൽ ഗ്യാസ് സിലിണ്ടർ, ഏണി, താമര, ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നങ്ങളുമായി നാലുപേരും മത്സരരംഗത്തുണ്ട്. ഒരു തവണയൊഴികെ ഇത്രയും കാലം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിനെയാണ് തുണച്ചത്. പാർപ്പിടം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയിലെ വികസനം തുടരാനാണ് പ്രധാനമായും യു.ഡി.എഫ് വോട്ടുതേടുന്നത്. അഞ്ചാം തവണയിലെ വിജയം ആത്മവിശ്വാസം ഇരട്ടിയാണെങ്കിലും പോരാട്ടം കടുത്തതായിരിക്കുമെന്നുറപ്പാണ്. തങ്ങൾ ബ്ലോക്കിൽ നടത്തിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞും സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥത വിളിച്ചുപറഞ്ഞുമാണ് ഐക്യമുന്നണി വിജയത്തിലേക്കുള്ള വഴിവെട്ടുന്നത്.

മുസ്‍ലിം ലീഗിലെ സി.എ. സൈമ പ്രസിഡന്റും കോൺഗ്രസിലെ പി.എ. അഷ്റഫലി വൈസ് പ്രസിഡന്റുമായുമായുള്ള ഭരണസമിതിയാണ് നിലവിൽ കാസർകോട് ബ്ലോക്കിനെ നിയന്ത്രിക്കുന്നത്.

നാലു സീറ്റാണ് ബി.ജെ.പിക്കുള്ളത്. സി.പി.എമ്മിന് ബാലികേറാമലയുമാണിവിടം. ഇത്തവണ ലീഗ് 12 സീറ്റിലും കോൺഗ്രസ് ആറു സീറ്റിലും മത്സരിക്കുന്നുണ്ട്. കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, അഷ്റഫ് കർളെ, അൻവർ കോളിയടുക്കം, സി.വി. ജയിംസ് എന്നീ പ്രമുഖരായ സ്ഥാനാർഥികളാണ് യു.ഡി.എഫ് തേരാളികളായി രംഗത്തിറക്കിയിരിക്കുന്നത്.എന്‍.കെ. ശൈലജയാണ് ആരിക്കാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി. പുഷ്പലത ബി.ജെ.പി സ്ഥാനാർഥിയും. മൊഗ്രാല്‍ നിയോജകമണ്ഡലത്തില്‍ എസ്. അനില്‍കുമാര്‍ എൽ.ഡി.എഫ് സ്ഥാനാർഥിയായും മുരളീധര യാദവ് താമരചിഹ്നത്തിലും മത്സരിക്കുന്നു. തെക്കില്‍ നിയോജകമണ്ഡലത്തില്‍ മുഹമ്മദ് അദ്നാൻ മത്സരിക്കുന്നതിന്റെ ഗുണം എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എല്ലാം പ്രവചനാതീതമായി മാറുകയാണ്.

Tags:    
News Summary - Kasaragod Block Panchayat local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.