കാസർകോട്: വഴിവിളക്ക് സ്ഥാപിക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ ക്രെയിനിന്റെ സാങ്കേതിക തകരാർ കാരണം വീണുമരിച്ച സംഭവത്തിൽ, നിർമാണവുമായി ബന്ധപ്പെട്ട് യന്ത്രങ്ങളും വാഹനങ്ങളും യഥാസമയം പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തിയിരുന്നെങ്കിൽ വിലയേറിയ രണ്ടു ജീവനുകൾ പൊലിയുകയില്ലായിരുന്നുവെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കാസർകോട് ദേശീയപാതയിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനിടയിൽ ക്രെയിനിൽനിന്ന് വീണ് എസ്.ആർ. അക്ഷയ്, അശ്വിൻ ബാബു എന്നീ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്ടർ ചെയ്ത കേസിലാണ് ഉത്തരവ്.
2025 സെപ്റ്റംബർ 11നാണ് സംഭവമുണ്ടായത്. പുത്തൂർ മൊഗ്രാൽ കടവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ രണ്ടുതൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ കമീഷനെ അറിയിച്ചു.
ക്രെയിനും ബക്കറ്റും തമ്മിലുള്ള ബന്ധം സാങ്കേതിക കാരണങ്ങളാൽ വിച്ഛേദിക്കപ്പെട്ടത് കാരണമാണ് അപകടമുണ്ടായതെന്ന് ഊരാളുങ്കൽ കമീഷനെ അറിയിച്ചു. ഇത്തരം ജോലികൾക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ തൊഴിലാളികൾക്ക് നൽകണമെന്ന് കമീഷൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ശരിയായ പരിശീലനവും സുരക്ഷ ബോധവത്കരണവും തൊഴിലാളികൾക്ക് നൽകണം.
ഉയരത്തിൽ നടക്കുന്ന ജോലികൾക്ക് ശരീരം മുഴുവൻ പൊതിയുന്ന സുരക്ഷകവചം നിർബന്ധമാക്കണം. സുരക്ഷിതമായ പ്ലാറ്റ്ഫോം ഉപയോഗിക്കണം. ക്രെയിനുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെ ശേഷി, അറ്റകുറ്റപ്പണി, ലൈസൻസുള്ള ഓപറേറ്ററുടെ സേവനം എന്നിവ ഉറപ്പാക്കണം. ജോലിസ്ഥലത്ത് യോഗ്യതയുള്ള സൂപ്പർവൈസറുണ്ടായിരിക്കണം.
പ്രവർത്തനത്തിനുമുമ്പ് ഉപകരണങ്ങൾ പരിശോധിക്കണം. നിയമപരമായ അനുമതികൾ, തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ, അപകടങ്ങൾ സംഭവിക്കുമ്പോഴുള്ള അന്വേഷണം, റിപ്പോർട്ടിങ് നടപടി എന്നിവ കൃത്യമായി പാലിക്കണം. തൊഴിലാളികളുടെ മരണം സംഭവിക്കുന്ന അപകടങ്ങളിൽ ആശ്രിതർക്ക് നിയമപ്രകാരം നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ സംവിധാനമുണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയത്.
നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കണമെന്നും അപകടസാധ്യത ഇല്ലാതാക്കണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
നിർമാണസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കമീഷൻ ദേശീയപാത അതോറിറ്റിക്കും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.