കാസർകോട്: ചുറ്റുമതിലില്ലാതെ കാടുമൂടിയ ഒന്നരയേക്കർ പറമ്പിൽ പഴകി ജീർണിച്ച് തകർന്ന വീടിനോടുചേർന്ന കളപ്പുരയിൽ 15 വർഷമായി ഒറ്റക്ക് താമസിക്കുന്ന കേൾവിക്കുറവുള്ള കെ.വി. കാർത്യായനിക്ക് (69) സഹായമായി മനുഷ്യാവകാശ കമീഷൻ.
പരാതികൾ പരിശോധിച്ച് പരിഹാരനടപടികൾ ഉൾപ്പെടുത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് കലക്ടർക്കും ജില്ല വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഓഫിസർക്കും നിർദേശം നൽകിയത്. കളപ്പുരയിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. തൊഴിലുറപ്പിന് പോയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്.
പറമ്പ് കാടുമൂടിയതുകാരണം കുറുനരിയും പാമ്പുകളും ധാരാളമുണ്ട്. ഭർത്താവ് രാമചന്ദ്രൻ 15 വർഷം മുമ്പ് മരിച്ചു. മക്കളില്ലാത്ത വയോധിക അതോടെ അനാഥയാവുകയായിരുന്നു. വീടും പറമ്പും ഭർതൃപിതാവിന്റെ പേരിലാണ്.
ഭാഗംവെച്ച് അവകാശം ലഭിക്കാത്തതിനാൽ വീടിനുവേണ്ടി അപേക്ഷ സമർപ്പിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് കാർത്യായനി. കളപ്പുരക്ക് പ്രത്യേകം കണക്ഷൻ നൽകണമെന്ന് നാട്ടുകാർ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
ജൂലൈ 17ന് കാസർകോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.