ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന മത്സ്യ മൊത്തവ്യാപാരകേന്ദ്രം

ദേശീയപാതയോരത്തെ മത്സ്യ കച്ചവടത്തിന് ഹൈകോടതി സ്റ്റേ

നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജങ്ഷൻ ദേശീയപാതക്ക് സമീപം പ്രവർത്തിക്കുന്ന മത്സ്യ മൊത്തവ്യാപാരത്തിന് ഹൈകോടതിയുടെ സ്റ്റേ ഉത്തരവ്. 24 മണിക്കൂറിനകം വിധി നടപ്പിലാക്കണമെന്നും ഹൈകോടതിയുടെ ഉത്തരവിലുണ്ട്. ഉത്തരവിനെ തുടർന്ന് നീലേശ്വരം നഗരസഭ സെക്രട്ടറി മത്സ്യവ്യാപാരികൾക്ക് നോട്ടീസ് നൽകി.

അനധികൃത മത്സ്യക്കച്ചവടം വ്യാപാരസമുച്ചയത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി സമീപത്തെ വ്യക്തി നൽകിയ അന്യായത്തിൻമേലാണ് ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മത്സ്യവ്യാപാരം വർഷങ്ങളായി നീലേശ്വരം ആര്യക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പ്രവർത്തിക്കുന്നത്. ഇതിനിടയിൽ പുതിയ നഗരസഭ കാര്യാലയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇവിടെനിന്ന് മാറി ദേശീയപാതയോരത്തെ ചെറുകിട മത്സ്യ മാർക്കറ്റിലേക്ക് മാറാൻ നഗരസഭ ആവര്യപ്പെട്ടപ്രകാരാണ് ദേശീയപാതയോരത്തേക്ക് മാറ്റിയത്.

ഈ ഷെഡിൽ മത്സ്യവിൽപന നടത്തിയിരുന്ന ഇരുപതോളം സ്ത്രീത്തൊഴിലാളികളെ പഴയ കല്യാണമണ്ഡപ പരിസരത്തേക്ക് മാറ്റി മൊത്തക്കച്ചവടത്തിനായി സൗകര്യമൊരുക്കി.

ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ നൂറ്റി അമ്പതോളം തൊഴിലാളികൾക്ക് ഉപജീവനമാർഗമാണ് നിലവിലെ മത്സ്യവിൽപനകേന്ദ്രം. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മത്സ്യവ്യാപാരത്തിന് അനുയോജ്യമായ സ്ഥലം നഗരസഭ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമഹരജി തയാറാക്കി കലക്ടർ ഉൾപ്പെടെയുള്ള അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് ഇതുമായി ബന്ധപ്പെട്ട തൊഴിലാളികൾ. ധീവരസഭ നേതാക്കളുമായി ബന്ധപ്പെട്ട് തുടർപരിപാടികൾ ആലോചിക്കുമെന്ന് കച്ചവടക്കാരും തൊഴിലാളികളും പറഞ്ഞു.

വിഷയത്തിൽ നിലവിലെ സ്ഥിതി തുടരണമെന്നാണ് നിലപാടെന്നും ഹൈകോടതി വിധിയിൽ കൂട്ടായി ആലോചിച്ച് തുടർനടപടി ഉണ്ടാകുമെന്നും അനുയോജ്യമായ സ്ഥലം ലഭ്യമാക്കി പ്രശ്നപരിഹാരത്തിന് തെരഞ്ഞെടുപ്പിനുശേഷം പരിഹാരമുണ്ടാക്കുമെന്നും നഗരസഭ വൈസ് ചെയർമാനും എൽ.ഡി.എഫ് നഗരസഭ ചെയർമാൻ സ്ഥാനാർഥിയുമായ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.

തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നുവെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറും യു.ഡി.എഫ് നഗരസഭ ചെയർമാൻ സ്ഥാനാർഥിയുമായ എറുവാട്ട് മോഹൻ അഭിപ്രായപ്പെട്ടു.

പ്രഫ. കെ.പി. ജയരാജൻ ചെയർമാനായിരുന്ന കാലയളവിലാണ് കാടുപിടിച്ച ദേശീയപാതയോരത്ത് ജൈവോദ്യാനം സ്ഥാപിച്ച് ആഴ്ചച്ചന്തക്ക് തുടക്കംകുറിച്ചത്.പിന്നീടാണ് ഈ സ്ഥലത്ത് മത്സ്യവിൽപനക്കായി ഷെഡ് നിർമിച്ച് സൗകര്യമൊരുക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി ഉചിതമായ തീരുമാനമെടുക്കുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യക്കച്ചവടക്കാർ.

Tags:    
News Summary - High Court stays fish trade along national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.