സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റിക്ക് 150 പേർ; സ്ഥാനക്കയറ്റത്തിന് ഏറെ പേർ
കാസർകോട്: സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കുപിന്നാലെ നടക്കുന്ന വിപുലീകൃത ജില്ല കമ്മിറ്റിയിൽ ചർച്ചയാകുക നിയമസഭ തെരഞ്ഞെടുപ്പിലെ സമാനതകളില്ലാത്ത തോൽവിയായിരിക്കും. ജില്ലയിൽ എം.പിയും എം.എൽഎമാരുമില്ലാത്ത പാർട്ടിയായി സി.പി.എം മാറിയിരിക്കുന്നു. ഏക ആശ്വാസം നേരിയ മുൻതൂക്കത്തിലുള്ള ജില്ല പഞ്ചായത്ത് ഭരണമാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സി.പി.എമ്മിന് ഈ സ്ഥിതിയുണ്ടായത്. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാന ഇടതുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന കാസർകോട് പാർലമെന്റ് മണ്ഡലം ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ഭൂരിപക്ഷംകുറയുന്നത് ശ്രദ്ധിക്കാതിരുന്ന പാർട്ടി 40,000 വോട്ടിനും പിന്നീട് ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിനുംതോൽക്കുകയായിരുന്നു. ഇത് നിയമസഭ മണ്ഡലങ്ങളിലേക്ക് പടരുമെന്ന് ആലോചിച്ചിട്ടില്ല എന്നാണ് നേതൃത്വത്തിനെതിനെതിരെയുള്ള ആക്ഷേപം. തൃക്കരിപ്പൂർ, ഉദുമ എന്നീ മണ്ഡലങ്ങളിലെ കനത്ത തിരിച്ചടിയും മഞ്ചേശ്വരത്ത് കെട്ടിവെച്ച കാശുപോലും ഇല്ലാതായ തോൽവിയും ചെറിയ പ്രശ്നമായി അണികൾ കാണുന്നില്ല. പഴയ പ്രതാപകാലത്തേക്ക് പാർട്ടിയെ ജില്ലയിൽ തിരിച്ചെത്തിക്കുക എന്ന ഉത്തരവാദിത്വമാണ് ഈ വരുന്ന കമ്മിറ്റിയിലൂടെ നേതൃത്വത്തിനുള്ളത്. ജില്ല സെക്രട്ടറിയായി എം.വി. ബാലകൃഷ്ണൻ വന്ന കാലം മുതൽ പാർട്ടിക്കുള്ളിൽ വെട്ടി നിരത്തലുണ്ടായി. എന്നാൽ, ചോദ്യം ചെയ്യാൻ ആരുമുണ്ടായില്ല. പകരം വന്നവർക്ക് പാർട്ടി സംഘടന ബോധം ഇല്ലാത്തവരായിരുന്നു. എം. രാജഗോപാലൻ സെക്രട്ടറിയായി വന്നതോടെ ഏകോപിപ്പിക്കുന്ന രീതി കൈവന്നു.
എന്നാൽ, തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനാവാത്ത വിധം സംഘടന മൂല്യം കൈവിട്ടുപോയിരുന്നു. തൃക്കരിപ്പൂർ, പനത്തടി, എളേരി പാർട്ടി ഏരിയ സെക്രട്ടറിമാർ ജില്ല കമ്മിറ്റിയിലില്ല. ഇവരെ ജില്ല കമ്മിറ്റിയിലെത്തിക്കാനുള്ള ശ്രമമുണ്ടാകും. അതേസമയം, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി. മണി മോഹൻ, കാഞ്ഞങ്ങാട്ടുനിന്ന് എം. രാഘവൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷയും കെ.എസ്ടിഎ ജില്ല പ്രസിഡന്റുമായ കെ.വി. സുജാത, ജില്ല പഞ്ചായത്തംഗം കെ. സബിഷ്, ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികളിൽനിന്ന് ഒരാൾ എന്നിവരെ കമ്മിറ്റിയിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാക്കളാകുകയെങ്കിലും വേണ്ടിവരും. ഏരിയ സെക്രട്ടറിമാരായ എ. അപ്പുക്കുട്ടൻ (എളേരി), പി.ജി. മോഹനൻ (പനത്തടി), കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ) എന്നിവർ ജില്ല കമ്മിറ്റിയിലെത്തുമെന്ന് കരുതുന്നുണ്ട്. സെക്രട്ടേറിയറ്റിലേക്ക് പ്രത്യേക ക്ഷണിതാവായി കെ. മണികണ്ഠൻ ഉദുമ, വി.കെ. രാജൻ എന്നിവരെ എത്തിക്കാനും ആഗ്രഹിക്കുന്നവരുണ്ട്. ഇവർക്ക് എതിരെയുള്ള ശക്തികൾ സെക്രട്ടേറിയറ്റിലുള്ളത് തടസ്സമാണ്. ജില്ല കമ്മറ്റിയംഗങ്ങളും വർഗ ബഹുജന സംഘടനകളുടെ ജില്ല ഏരിയ നേതാക്കളും ഉൾപ്പെടെ 150 പ്രതിനിധികളാണ് വിപുലീകൃത ജില്ല യോഗത്തിൽ പങ്കെടുക്കുന്നത്. ജില്ല യോഗത്തിന് മുന്നോടിയായി തെറ്റുതിരുത്തൽ സന്ദേശം നൽകുന്നതിന് ലോക്കൽ തല കുടുംബ സദസ്സുകൾ നടന്നുവരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പിലെ നേട്ടവും യു.ഡി.എഫിന്റെ ഭരണവീഴ്ചകളും സി.പി.എം നടപടികൾ സുഗമമാക്കുന്നുവെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.