ഡോ. റജീന സുലൈമാൻ, സന ശരീഫ്, ഡോ. ഫാത്തിമ തസ്നീം
‘വരൂ..കൂട്ടുകൂടാം, കാഴ്ചപ്പാടുകൾ പങ്കുവെക്കാം’...ദുബൈ കാസർകോട് കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന്
ദുബൈ: ദുബൈ കെ.എം.സി.സി വനിതാ വിങ് കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘മീ-കണക്ട് 2026’ സംഗമം ഇന്ന് (ഒക്ടോബർ മൂന്ന്) ദുബൈയിൽ നടക്കും. വൈകുന്നേരം മൂന്നു മണിക്ക് അബു ഹെയിൽ ദുബൈ കെ.എം.സി.സി പി. എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിലാണ് പരിപാടി.
വനിതകളുടെ വ്യക്തിത്വവികസനം, മാനസിക ഉണർവ്, ആത്മവിശ്വാസം, ആശയവിനിമയശേഷി, അനുഭവപങ്കിടൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ‘മീ-കണക്ട് 2026’ സംഘടിപ്പിക്കുന്നത്. വനിതകൾക്ക് അവരുടെ അനുഭവങ്ങളും ആശയങ്ങളും പരസ്പരം പങ്കുവെക്കാനും പുതിയ അറിവുകളും കാഴ്ചപ്പാടുകളും സ്വന്തമാക്കാനും അവസരമൊരുക്കുന്ന വിവിധ സെഷനുകളും സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.
വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും സ്ത്രീകൾ നേരിടുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും പ്രചോദനാത്മകമായ ആശയവിനിമയങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന സെഷനുകൾ വനിതകൾക്ക് പുതിയ ചിന്തകളും ആത്മവിശ്വാസവും പകരുന്നതായിരിക്കും.
ദുബൈ കെ.എം.സി.സി വനിതാ വിങ് സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. റജീന സുലൈമാൻ, ഡോ. ഫാത്തിമ തസ്നീം എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. സ്പീച്ച് ക്ലിനിക് ദുബൈ സി.ഇ.ഒയും ഫൗണ്ടറുമായ സന ഷെരീഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ദുബൈ കെ.എം.സി.സി വനിതാ വിങ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.
ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് അൽപസമയം മാറിനിന്ന് പരസ്പരം പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും പുതിയ ആശയങ്ങൾ കേൾക്കാനും സ്വയം വിലയിരുത്താനും അവസരമൊരുക്കുകയാണ് ‘മീ-കണക്ട് 2026’ന്‍റെ ലക്ഷ്യം. വനിതകളുടെ കൂട്ടായ്മയും സൗഹൃദവും പരസ്പര പിന്തുണയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, വ്യക്തിത്വവികസനത്തിനും സാമൂഹിക ഇടപെടലുകൾക്കും ആവശ്യമായ പുതിയ കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള വേദിയായി സംഗമം മാറുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.