നിർദിഷ്ട പാലം വരുന്ന നീലേശ്വരം കച്ചേരിക്കടവ്
നീലേശ്വരം: ദേശീയപാത നിടുങ്കണ്ടയിൽ നിന്ന് നീലേശ്വരം നഗരവുമായി ബന്ധിപ്പിക്കുന്ന കച്ചേരി ക്കടവ് പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. ഇതിനായി തയാറാക്കിയ 21.88 കോടി രൂപയുടെ എസ്റ്റിമേറ്റിന് സാമ്പത്തികാനുമതി ലഭിച്ച് ഉത്തരവായി.
ദേശീയപാതയിൽനിന്ന് നീലേശ്വരം നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഏറെ പ്രയോജന പ്രദമാകുന്ന കച്ചേരിക്കടവ് പാലവും രാജാറോഡ് വികസനവും എന്ന പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്. രാജാ റോഡ് വികസനത്തിന് നേരത്തെ 16.72 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഇതില്‍ 9.75 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. പാലം പണിക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ കഴിയും. ഈ പദ്ധതിക്ക് ഇതോടെ 38.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. 24.85 മീറ്റർ, 26 മീറ്റർ, 55 മീറ്റർ എന്നിങ്ങനെ നീളമുള്ള ഒരോ സ്പാനും 12.5 മീറ്റർ നീളമുള്ള ആറ് സ്പാനും ഉൾപ്പെടെ ഒമ്പത് സ്പാനുകൾ ഉൾക്കൊള്ളുന്നതാണ് പാലം. 180.85 മീറ്റർ നീളമുള്ള പാലം 11 മീറ്റർ വീതിയിൽ ഇരു ഭാഗങ്ങളിലും നടപ്പാതയോട് കൂടിയാണ് നിർമിക്കുക. രാജാ റോഡ് ഭാഗത്തേക്ക് 192 മീറ്ററും കാഞ്ഞങ്ങാട് ദേശീയപാത ഭാഗത്തേക്ക് 292 മീറ്ററും ഉൾപ്പെടെ 484 മീറ്റർ അനുബന്ധ റോഡ് ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.