ജില്ലയുടെ സ്വന്തം ഉൽപന്നമായ ചക്ക

അ​ഭി​മാ​ന ഉ​ൽ​പ​ന്ന​മാ​യി ച​ക്ക​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടും നടപടികളില്ലാതെ നാലുവർഷം

കാസർകോട്: കേന്ദ്രസർക്കാറിന്റെ ‘ഒരുജില്ല, ഒരുൽപന്നം’ പദ്ധതിയിൽ കാസർകോടിന്റെ അഭിമാന ഉൽപന്നമായി ചക്ക തിരഞ്ഞെടുത്തിട്ട് നാലുവർഷം. എന്നാൽ, നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് ജില്ലക്കാർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കാസർകോടിന് അനുവദിച്ചിരുന്നത് കല്ലുമ്മക്കായയായിരുന്നു. എന്നാൽ, ജില്ലയുടെ വളരെ ചെറിയ പ്രദേശത്തുമാത്രം കണ്ടുവരുന്ന കല്ലുമ്മക്കായയേക്കാൾ വരുമാനസാധ്യത ജില്ലയിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കക്കുള്ളതിനാലാണ് ജില്ല വ്യവസായകേന്ദ്രം സമർപ്പിച്ച അപേക്ഷയിൽ കേന്ദ്രസർക്കാർ ജില്ലയുടെ ഉൽപന്നമായി 2022ൽ ചക്കയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞവർഷം സീസണിൽ ചക്കകൾ പറമ്പുകളിൽ പഴുത്തുവീണ് നശിച്ചത് വീട്ടുകാർ ഓർമപ്പെടുത്തുന്നുമുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾ ചക്കയിൽനിന്നുണ്ടാക്കിയെങ്കിലും അതുവിൽക്കാൻ ഇടമില്ലാതെപോയതാണ് കഴിഞ്ഞവർഷം പലർക്കും തിരിച്ചടിയായത്. തെക്കൻ കേരളത്തിൽനിന്നുപോലും സീസണിൽ ചക്ക വാങ്ങാനായി ജില്ലയിലേക്ക് ആൾക്കാർ വരുമായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം അതുമുണ്ടായില്ല. വീട്ടുകാർ പറിച്ചെടുത്ത് തെരുവോരങ്ങളിൽ വിൽപനക്ക് വെച്ചുവെങ്കിലും വില തുച്ഛമായതിനാൽ അതും നടന്നില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ചക്കവിഭവങ്ങളൊരുക്കി വിവിധയിടങ്ങളിൽ മഹോത്സവങ്ങൾ നടത്തിയതല്ലാതെ ചക്കയുടെ സംരക്ഷണത്തിനും സംഭരിക്കലിനും ജില്ല വ്യവസായകേന്ദ്രം നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പച്ച ചക്കയിൽനിന്നുതന്നെ ചക്ക പൗഡർ, ചക്ക ചിപ്സ്, ചക്ക ഐസ്ക്രീം, ചക്ക ജാം തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഇത് സംഭരിച്ച് വിപണിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജില്ലയിലെ വ്യവസായിക വളർച്ചക്കും സഹായകമാവുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

2018ൽ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർതന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തരതലത്തിൽ ‘കേരള ജാക് ഫ്രൂട്ട്’ ബ്രാൻഡായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ഈ പ്രഖ്യാപനം. ചക്കയുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കുകയെന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇവിടെയും തുടർനടപടികൾ കാര്യക്ഷമമായില്ല. ഈവർഷം കാലാവസ്ഥവ്യതിയാനം ഉൽപാദനത്തെ ബാധിക്കാത്തതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഉൽപാദനം നടക്കുന്നുണ്ട്. അതേസമയം, ജില്ലയിലെ സ്വന്തം ഉൽപന്നം ആര് സംരക്ഷിക്കുമെന്നകാര്യത്തിലാണ് ആശങ്കയുള്ളത്.

Tags:    
News Summary - Despite declaring jackfruit as a proud product, four years have passed without any action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.