എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയിൽ വിത്തുമുതല്‍ വിപണിവരെ...

കാസർകോട്: വിത്തുമുതല്‍ വിപണിവരെ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാളുകള്‍ 'എന്‍റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ പ്രധാന ആകര്‍ഷണമായി. ജില്ലയിലെ വിവിധ ഫാമുകളും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനും ഒരുമിച്ച് ഒരുക്കിയ സ്റ്റാളുകളില്‍ വിവിധയിനം നടീല്‍വസ്തുക്കള്‍ക്ക് പുറമേ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍ തനതായി ഉൽപാദിപ്പിച്ച് എടുത്ത ജൈവ കീടരോഗ നിയന്ത്രണം ഉപാധികളായ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബുവേറിയ, അസോസ്‌പൈറില്ലം അസറ്റോബാക്ടര്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവുമുണ്ട്. മണ്ണൊരുക്കല്‍, വിത്തിടല്‍, വിളപരിപാലനം എന്നിവ മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങളുടെ മാതൃകാ സ്റ്റാളുകള്‍ ഇവിടെയുണ്ട്.

ആധുനിക കൃഷിരീതികളും പരമ്പരാഗത കൃഷിമുറകളും എല്ലാം ഇവിടെ കാണാം. ആധുനിക കൃഷിരീതികള്‍, കൃത്യതാകൃഷി, ജലസേചന മാതൃകകള്‍ മുതലായ കാര്‍ഷിക അറിവുകള്‍ ഇവിടെനിന്ന് ലഭിക്കും. കൃഷിഭവന്‍റെ സേവനങ്ങളും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷിരീതികളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ഇവിടെ സജ്ജമാക്കിയ സസ്യരോഗ ക്ലിനിക്കില്‍ വിവിധങ്ങളായ കീടങ്ങളുടെയും കീടബാധയേറ്റ സസ്യങ്ങളുടെ പ്രദര്‍ശനവും ജൈവ നിയന്ത്രണ ഉപാധികളുടെ പ്രദര്‍ശനവും ഉണ്ട്.

കാര്‍ഷികവിളകള്‍ക്ക് ഒപ്പം മൃഗപരിപാലനം മത്സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, ജൈവമാലിന്യ സംസ്‌കരണ യൂനിറ്റ് ജലസംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു ജൈവഗൃഹമാണ് ആത്മ ഒരുക്കിയിരിക്കുന്നത്. വിവിധയിനം സ്വദേശവും വിദേശവുമായ പഴങ്ങളുടെ പ്രദര്‍ശനവും കൃഷിരീതികളും പരിചയപ്പെടുത്തുന്ന സ്റ്റാളാണ് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ചര്‍ മിഷന്‍ ഒരുക്കിയിരിക്കുന്നത്. കൃഷിവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അഭിമാന പദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ഈ പദ്ധതിയുടെ ആശയത്തില്‍ ഊന്നി കൃഷിവകുപ്പ് ഒരുക്കിയ വിവിധ സ്റ്റാളുകളോടൊപ്പം മണ്ണ്-ജലസംരക്ഷണ കേന്ദ്രം, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, എല്ലാ കാര്‍ഷിക പദ്ധതികളുടെയും വിശദവിവരങ്ങളും നല്‍കുന്നതിനായി കൃഷി ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.

Tags:    
News Summary - Ente Keralam Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.