റിസ്വാൻ, സുഹൈദ്, ഷാജഹാൻ, നൗഷാദ്, സമീർ, മുനീർ
കാസർകോട്: ‘ഓപറേഷൻ ക്ലീനി’ന്റെ ഭാഗമായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ അഞ്ച് വീടുകളിൽനിന്നുൾപ്പെടെ ഏഴിടങ്ങളിൽനിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ടും രാത്രിയിലുമായി പൊലീസ് വ്യാപക പരിശോധന നടത്തി. എം.ഡി.എം.എയുമായി മാങ്ങാട് ആര്യടുക്കത്തെ റിസ്വാനെ (27) വീട്ടിൽനിന്ന് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 0.330 ഗ്രാം എം.ഡി.എം.എയുമായാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പരിശോധനയിൽ കാസർകോട് ചൗക്കിയിലെ ഓട്ടോ സ്റ്റാൻഡിൽനിന്ന് എം.ഡി.എം.എയുമായി അടുക്കത്ത്ബയലിലെ മുഹമ്മദ് സുഹൈദിനെയും (26) അറസ്റ്റ് ചെയ്തു.
ബാര മുക്കുന്നോത്തെ വീട്ടിൽനിന്ന് മേൽപറമ്പ് പൊലീസ് 11.190 കിലോഗ്രാം കഞ്ചാവ് പിടികൂടി. മുക്കുന്നോത്തെ സമീർ, സഹോദരൻ മുനീർ എന്നിവർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായില്ല. രഹസ്യവിവരത്തെ തുടർന്ന് വീട് റെയിഡ് ചെയ്താണ് കഞ്ചാവ് പിടിച്ചത്. ഇരുനില വീട്ടിലെ മുകൾനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്.
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തും മുറിയനാവിയിലും വീടുകൾ റെയ്ഡ് ചെയ്ത് ഹോസ്ദുർഗ് പൊലീസ് രണ്ടിടത്തുനിന്ന് എം.ഡി.എം.എ പിടിച്ചു. അജാനൂർ കടപ്പുറത്തെ നൗഷാദിന്റെ വീട് റെയ്ഡ് ചെയ്ത് 1.790 ഗ്രാം എം.ഡി.എം.എയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചു. ഇയാൾ കടന്നുകളഞ്ഞു. മുറിയനാവിയിൽ ഷാജഹാൻ അബൂബക്കറിന്റെ വീട് റെയ്ഡ് ചെയ്ത് 3.610 ഗ്രാം എം.ഡി.എം.എ പിടികൂടി. കിടപ്പുമുറിയിൽ പാന്റ്സിലും സോക്സിലും സൂക്ഷിച്ചനിലയിലായിരുന്നു ഇതിൽ പ്രതിയെ പിടികൂടാനായിട്ടില്ല. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി. അജിത് കുമാർ, എസ്.ഐമാരായ സി.വി. രാമചന്ദ്രൻ, വി. മോഹനൻ, രാഗേഷ്, ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുപ്രിയ, ജ്യോതിഷ്, ഷൈജു, ഷനീഷ്, സിവിൽ ഓഫിസർമാരായ ധന്യ, രാജേഷ്, അജീഷ്, നികേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പള്ളിക്കര പൂച്ചക്കാട് വീട്ടിൽനിന്ന് പൊലീസ് കഞ്ചാവ് പിടികൂടി. കാസർകോട്ട് എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂച്ചക്കാട്ടെ താജുദ്ദീന്റെ വീട്ടിൽനിന്നുമാണ് ബേക്കൽ പൊലീസ് 1.71 ഗ്രാം കഞ്ചാവ് പിടികൂടി കേസെടുത്തത്. യുവാവിന്റെ മുറിയിൽനിന്നാണ് ലഹരി പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് വീട് പരിശോധിക്കുകയായിരുന്നു. എസ്.ഐ എം. സവ്യസാചിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അടുക്കത്ത്ബയലിലെ മുഹമ്മദ് സുഹൈദിൽനിന്ന് 5.13 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. എസ്.ഐ എൻ. അൻസാറിന്റെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. എം.ഡി.എം.എയും കഞ്ചാവ് ബീഡിയും വലിക്കുകയായിരുന്ന നിരവധി പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 2025 ഫെബ്രുവരി 22 മുതൽ ഇതുവരെ ജില്ലയിൽ 432 കേസുകൾ രജിസ്റ്റർ ചെയ്യുകയും 447 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 13.185 കിലോഗ്രാം കഞ്ചാവും 188.16 ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്.
കഞ്ചാവുകടത്ത്: 10 വർഷം കഠിനതടവും പിഴയും
കാസർകോട്: ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി 52 കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായ പ്രതിയെ ജില്ല അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ 10 വർഷം കഠിന തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടയം കാനാപറമ്പിൽ ചിറങ്കടവ് പൊൻകുന്നം സ്വദേശി കെ.എ. നവാസിനെയാണ് (40) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവനുഭവിക്കണം.
2013 മേയ് 13ന് രാത്രി എട്ടിന് ചെർക്കള-കാഞ്ഞങ്ങാട് ദേശീയപാതയിലെ ബേവിഞ്ചയിൽ അന്നത്തെ കാസർകോട് സി.ഐയും ഇപ്പോഴത്തെ ഡിവൈ.എസ്.പിയുമായ സി.കെ. സുനിൽ കുമാറും സംഘവുമാണ് കഞ്ചാവ് പിടികൂടിയത് കേസിൽ രണ്ടു പ്രതികൾ ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട പ്രതി നവാസ് സമാനമായ മറ്റൊരു കേസിൽ വിചാരണ നേരിടുന്നുണ്ട്. ഡിവൈ.എസ്.പിമാരായിരുന്ന ടി. ചാ രഞ്ജിത്, സിബി തോമസ്, കെ.എ. സുരേഷ് ബാബു, ടി.പി. പ്രേമരാജൻ, പി. ജ്യോതികുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.