കാഞ്ഞങ്ങാട്: സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്ത 40,478 രൂപ തിരികെ പിടിച്ച് സൈബർ പൊലീസ്. മേൽപറമ്പ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ബാബുവിന്റെ മകൻ മാവുങ്കാലിലെ ശ്രീകേഷ് കുമാറിന് നഷ്ടപ്പെട്ട പണമാണ് പൊലീസിന്റെ അന്വേഷണത്തിൽ തിരിച്ചുകിട്ടിയത്. ബംഗളൂരുവിൽ ഐ.ടി.ഐ ജീവനക്കാരനായ യുവാവ് അവധിയിൽ ഒരുമാസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത്.
ശ്രീകേഷിന്റെ എസ്.ബി.ഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ബാങ്കിൽനിന്ന് വിളിക്കുന്നതാണെന്ന് പറഞ്ഞ് ഹിന്ദി ഭാഷ സംസാരിക്കുന്ന ഒരാൾ ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽനിന്ന് വിളിക്കുകയാണെന്നും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിനാണെന്നും പറഞ്ഞു. തുടർന്ന് ഒ.ടി.പി വന്നു. പ്രസ്തുത ഒ.ടി.പിയുടെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തതിനുപിന്നാലെ ക്രെഡിറ്റ് കാർഡിൽനിന്ന് പണം പോയി. തട്ടിപ്പ് സംഘം വീണ്ടും വിളിച്ചപ്പോൾ സംശയം തോന്നിയതിനാൽ കൂടുതൽ പണം നഷ്ടപ്പെട്ടില്ല.
പരാതി ലഭിച്ചതോടെ ഹോസ്ദുർഗ് സൈബർസെൽ അന്വേഷണം നടത്തിയതിൽ പഞ്ചാബിലെ ഒരു ഫൈനാൻസിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. പ്രസ്തുത തുക ധനകാര്യ സ്ഥാപനത്തിൽനിന്ന് പഞ്ചാബ് ഇലക്ട്രിസിറ്റി ബോർഡിലേക്കാണ് പോയതെന്ന് മനസ്സിലായി.
ഹോസ്ദുർഗ് പൊലീസ് പഞ്ചാബ് വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ടപ്പോൾ പ്രതികൾ വൈദ്യുതി ബില്ല് അടച്ച കൺസ്യൂമർ നമ്പർ പഞ്ചാബിലെ ഒരു വലിയ സ്ഥാപനത്തിന്റേതാണെന്ന് വ്യക്തമായി. പണം തിരിച്ച് കൊടുത്തില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചതോടെ സ്ഥാപന അധികൃതർ രാകേഷ് കുമാറിനെ ഫോണിൽ നേരിട്ട് വിളിച്ചു. പരാതി പിൻവലിക്കണമെന്നും പണം നൽകാമെന്നും അറിയിച്ചു. ഇത് സമ്മതിച്ചതിന് പിന്നാലെ പണം അക്കൗണ്ടിലേക്ക് തിരികെയെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.