നിർദിഷ്ട മൂന്നാംകടവ് പദ്ധതി പ്രദേശം
കാസര്‍കോട്: മൂന്നാംകടവിൽ മിനിഡാം നിർമിക്കുന്നതിന് സാധ്യത പഠനത്തിന് അനുമതിയായി. 1970-1990 കാലഘട്ടങ്ങളില്‍ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നതും ഉയരക്കൂടുതല്‍ കാരണവും മറ്റ് പ്രശ്നങ്ങളാലും പ്രോജക്ട് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായ അവസരത്തില്‍ തന്നെ നിര്‍ത്തലാക്കേണ്ടിവന്നതാണ് മൂന്നാംകടവ് പദ്ധതി.
ഇത് മിനി ഡാമായി പരിഗണിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടത്തെണമെന്ന് ആവശ്യം സി.എച്ച് കുഞ്ഞമ്പു എം.എൽ.എയാണ് മുന്നോട്ടുവെച്ചത്. ഇത് കാസർകോട് വികസന പാക്കേജ് യോഗത്തിലും നിയമസഭയിൽ സബ്മിഷനായും ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ അന്വേഷണത്തിന് അനുമതിയും 75 ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളത്.
ജില്ല പന്ത്രണ്ട് നദികളാല്‍ അനുഗൃഹീതമാണെങ്കിലും ഡാമുകള്‍ ഇല്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പടെ വറ്റിവരണ്ട് ഇല്ലാതാകുന്ന സാഹചര്യം നിലവിലുണ്ട്. 3350 മില്ലി മീറ്റര്‍ ശരാശരി വാര്‍ഷിക മഴ ലഭ്യതയും 5719 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വാര്‍ഷിക ജലലഭ്യതയുള്ള ജില്ലയിലെ നിലവിലുള്ള ജലത്തിന്റെ ആവശ്യകത 993 മില്ല്യണ്‍ ക്യുബിക് മീറ്ററാണെന്ന് കണക്കാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആകെ ഉപയോഗയോഗ്യമായ ജലം 426 മില്ല്യണ്‍ ക്യുബിക് മീറ്റർ ആണെങ്കിലും 30 മില്ല്യണ്‍ ക്യുബിക് മീറ്ററില്‍ താഴെ മാത്രമേ ജലം സംഭരിക്കാന്‍ സാധിക്കുന്നുള്ളു.
ഈ സാഹചര്യത്തില്‍ കുറഞ്ഞത് 250 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ അളവെങ്കിലും ആവശ്യമാണ്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജൽജീവൻ പദ്ധതി പ്രകാരം എല്ല വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇതിന്റെ ഇരട്ടിയിലധികം വെള്ളം വേണ്ടിവരും. ആയതിനാൽ തന്നെ 20 വർഷം കഴിഞ്ഞാലുണ്ടാകുന്ന ജലക്ഷാമം മുൻകൂട്ടി കണ്ട് പദ്ധതി തയാറാക്കേണ്ടതുണ്ട്. അന്തർ സംസ്ഥാന നദിയായ പയസ്വിനിയിൽ കർണാടക സർക്കാർ സുള്ള്യയിൽ തടയണ കെട്ടുകവഴി പയസ്വനി പുഴയിലും ചന്ദ്രഗിരി പുഴയിലും വെള്ളത്തിന്റെ സ്റ്റോറേജ് കുറയുമെന്ന ആശങ്ക നിലനിൽക്കുന്നു. ഈ വിഷയങ്ങളെല്ലാം മുന്നിൽ കണ്ട് ഭാവിയിൽ ജില്ലയിലെ കുടിവെള്ള പ്രശ്നം എങ്ങനെ പരിഹരിക്കും എന്ന ചിന്തയുടെ ഭാഗമായാണ് ഈ പദ്ധതി.
പദ്ധതിയെപറ്റി പല ഊഹാപോഹങ്ങളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് മൂന്നാംകടവ് പുഴ വറ്റിവരണ്ട സാഹചര്യം പോലും ഉണ്ടായി. ഇതെല്ലാം മുന്നിൽകണ്ട് ഭാവി സമൂഹത്തിന്റെ കുടിവെള്ള ലഭ്യത നിലനിർത്താനുള്ള പദ്ധതിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ വീടിനും കാർഷികാദായങ്ങൾക്കും നഷ്ടംവരാത്ത രീതിയിൽ ബാവിക്കര ഡാം നിർമിച്ച മാതൃകയിൽ ഇത് എങ്ങനെ നടപ്പാക്കാൻ സാധിക്കുമെന്ന് പഠിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.