കാസർകോട്: ജീവിതസ്വപ്നങ്ങളും ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലെ തടസ്സങ്ങളും വെള്ളപേപ്പറില്‍ അക്ഷരങ്ങളായി കുറിക്കുമ്പോള്‍ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥിനി പതിനഞ്ചുകാരി അനശ്വര രതീഷിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ പലതായിരുന്നു. തന്റെ കത്ത് കലക്ടര്‍ അര്ജുന് പാണ്ഡ്യന് കാണുമോ? എങ്കിലും അവള് എഴുതി, ‘ഹോക്കി പ്ലേയറായ എന്നെ ടൂള്‍കിറ്റ് വാങ്ങാന്‍ സഹായിക്കാമോ’, അങ്ങനെ തന്റെ പ്രശ്നങ്ങളും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളുമായി നീണ്ടുപോകുന്നു ആ കത്ത്. കത്ത് ശ്രദ്ധയില്‍ വന്നയുടന്‍ കലക്ടര്‍ എസ്.ബി.ഐ കലക്ടറേറ്റ് ബ്രാഞ്ച് റീജനല്‍ മാനേജര്‍ പി. സുജീഷിനെ വിവരം അറിയിക്കുകയും കുട്ടിയെ സഹായിക്കാന്‍ നിർദേശിക്കുകയുമായിരുന്നു.
കത്ത് പോസ്റ്റ് ചെയ്ത് രണ്ടാം ദിവസം എല്ലാ സംശയങ്ങളെയും കാറ്റില്‍ പറത്തി അനശ്വരയുടെ ജീവിതസ്വപ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ആ ടെലിഫോണ്‍ വിളി കലക്ടറുടെ കാര്യാലയത്തില്‍നിന്ന് അവളെ തേടിയെത്തി. ഫോണ്‍കാള്‍ എത്തിയപ്പോള്‍ വലിയ അത്ഭുതമായിരുന്നു തനിക്ക് ആദ്യം തോന്നിയത്. നാലാം ദിവസം പുതിയൊരു സ്പോര്‍ട്സ് കിറ്റ് വാങ്ങുന്നതിനായി കത്തിലൂടെ ആവശ്യപ്പെട്ട 43,000 രൂപയും അവളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തി. തന്റെ കത്തിന് ഇത്ര വേഗത്തില്‍ മറുപടി ലഭിച്ചതും തന്റെ ആവശ്യങ്ങള്‍ ഇത്ര വേഗം പരിഗണിക്കപ്പെട്ടതും ഒരു സ്വപ്നംപോലെയാണ് തോന്നിയതെന്നും അനശ്വര പറഞ്ഞു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കുന്നുംകൈ കമ്മാടം സ്വദേശിനിയാണ് അനശ്വര രതീഷ്. ചെറുപ്പത്തില്‍തന്നെ കായിക മേഖലയില്‍ ഏറെ താൽപര്യമുള്ളവള്. കുന്നുംകൈ മണ്ഡപം സ്കൂളില്‍ പഠിക്കുമ്പോഴാണ് അധ്യാപകരായ ജയന്, ഗിരീഷ് എന്നിവര്‍ കുട്ടിയുടെ കഴിവിനെ തിരിച്ചറിയുന്നത്. അവരുടെ പ്രോത്സാഹനഫലമായാണ് ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷനായി അപേക്ഷിക്കുന്നതും പ്രവേശനം ലഭിക്കുന്നതും. അടുത്ത അധ്യയന വര്‍ഷം പത്താം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. ഇതിനോടകം തന്നെ രണ്ട് ദേശീയ മത്സരങ്ങളിലും നാല് സംസ്ഥാന മത്സരങ്ങളിലും ഹോക്കി ഗോള്‍ കീപ്പറായി പാഡണിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് സീനിയര്‍ താരങ്ങളുടെ കിറ്റ് കടം വാങ്ങിയായിരുന്നു. ഒരു ഗോള്‍ കീപ്പര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്വന്തം കിറ്റ് വേണമെന്നിരിക്കെ, അത് ഇല്ലാത്തതിനാല്‍ ഒരു ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരംപോലും അനശ്വരക്ക് നഷ്ടമായി. കളിക്കളത്തില്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ കോട്ട കെട്ടുന്ന ധൈര്യമുണ്ടെങ്കിലും ജീവിത സാഹചര്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്ക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി. അതേ തുടര്‍ന്നാണ് കലക്ടര്‍ അര്ജുന് പാണ്ഡ്യന് കത്ത് അയക്കുന്നതും ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ കിറ്റിനായി ആവശ്യപ്പെട്ട 43,000 രൂപ അനശ്വരക്ക് ലഭിക്കുന്നതും.
പുതിയ കിറ്റ് ഉടന്‍ സ്വന്തമാകുമെന്ന സന്തോഷം പങ്കുവെക്കാന്‍ അനശ്വര കുടുംബത്തോടൊപ്പം കലക്ടറെ നേരില്‍ കാണാനെത്തി. ‘നാടിന്റെ അഭിമാനമായി വളരണം’, മധുരം നല്കി കലക്ടര്‍ അനശ്വരയെയും അനുജത്തിയെയും ആശംസകള്‍ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ഹോക്കി സ്വപ്നങ്ങള്‍ക്ക് ചിറകായി മാറിയ കലക്ടറുടെ ഈ ഇടപെടല്‍, കരുതലും കരുണയും ചേര്‍ന്ന ഭരണത്തിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.