കാസർകോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കന്നുകാലിത്താവളം
കാസർകോട്: സന്ധ്യകഴിഞ്ഞാൽ കൂട്ടത്തോടെ കാസർകോട് നഗരസഭ ബസ് സ്റ്റാൻഡിൽ എത്തുന്ന കന്നുകാലികൾ സ്റ്റാൻഡിനകത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ബസ് ജീവനക്കാർക്കുമുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ഉടമസ്ഥരില്ലാത്ത ഏകദേശം ഇരുപത്തഞ്ചോളം കന്നുകാലികളാണ് സന്ധ്യയായാൽ ബസ് സ്റ്റാൻഡിനകത്ത് അന്തിയുറങ്ങാൻ എത്തുന്നത്.
പല തവണ ‘മാധ്യമം’ ഇതുസംബന്ധിച്ച് വാർത്ത നൽകി നഗരസഭ മുൻ ഭരണസമിതി നിരവധിതവണ ഈ വിഷയത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങിയെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. കന്നുകാലികളെ പിടിച്ചുകെട്ടി സംരക്ഷണകേന്ദ്രം ഒരുക്കുകയായിരുന്നു നഗരസഭയുടെ പദ്ധതി. ഉടമസ്ഥർ വന്നാൽ പിഴ ഈടാക്കാനാണ് പദ്ധതി ലക്ഷ്യംവെച്ചിരുന്നത്. എന്നാൽ, നടപടി കടലാസിലും പ്രഖ്യാപനത്തിലും ഒതുങ്ങിയെന്നാണ് ആക്ഷേപം.മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്ത് നിരവധി ഭക്ഷണശാലകൾ ഉള്ളതിനാൽ കന്നുകാലികളുടെ ചാണകത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധംകൊണ്ട് ഭക്ഷണം കഴിക്കാനാവുന്നില്ലെന്ന് ജനങ്ങളും പറയുന്നു.
ഇവിടെയുള്ള പഴം -ഭക്ഷ്യക്കടകളിൽ നിന്നും മറ്റും കന്നുകാലികൾക്ക് രാത്രി ഭക്ഷണം നൽകുന്നതായും ആക്ഷേപമുണ്ട്. ഇക്കാരണത്താലാണ് കന്നുകാലികൾ ബസ് സ്റ്റാൻഡ് താവളമാക്കുന്നതെന്നും ആക്ഷേപമുണ്ട്. നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യ അജണ്ട ഈ വിഷയത്തിൽ വേണമെന്നാണ് വ്യാപാരികളുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.