കാസർകോട്: ദേശീയപാത അതോറിറ്റി ആരിക്കാടിയില്‍ നിർമാണമാരംഭിച്ച താൽക്കാലിക ടോള്‍ ഗേറ്റുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ വിഷയം മുഖ്യമന്ത്രിയെയും കേന്ദ്ര മന്ത്രിയെയും ധരിപ്പിക്കാൻ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. മറുപടി ലഭിക്കുന്നതുവരെ ടോൾ ഗേറ്റ് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു.
വിഷയം ഔദ്യോഗികമായി കലക്ടർ മുഖ്യമന്ത്രിയെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രിയെയും ധരിപ്പിക്കും. എം.എൽ.എമാർ മുഖ്യമന്ത്രിയെ കാണും. ജില്ല വികസന സമിതി യോഗത്തിന്റെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
60 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ ടോള്‍ ഗേറ്റ് സ്ഥാപിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെയാണ് തലപ്പാടിയിൽനിന്ന് 20 കിലോമീറ്റര്‍ പരിധിയില്‍ ടോൾ പ്ലാസ നിർമാണം ആരംഭിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് ടോൾ ബൂത്ത് നിർമാണം നിർത്തി വെക്കണമെന്നും എം.പിയും എം.എൽ.എമാരും ആവശ്യപ്പെട്ടു.
തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നത് ബി.ഒ.ടി അടിസ്ഥാനത്തിൽ സ്വകാര്യ ടോൾ പ്ലാസയാണെന്നും ആരിക്കാടിയില്‍ നിർമിക്കുന്നത് എന്‍.എച്ച്.എ.ഐയുടെ നിയന്ത്രണത്തിലുള്ള താല്‍ക്കാലിക ടോള്‍ ഗേറ്റാണെന്നും അടുത്ത റീച്ച് പൂര്‍ത്തിയാകുന്നതോടെ ഇവിടെ ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്നും ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂനിറ്റ് ഡയറക്ടർ ഉമേഷ് കെ. ഗാര്‍ഗ് അറിയിച്ചു.
പൂര്‍ത്തിയായ റീച്ചുകളില്‍ ടോള്‍ പിരിവ് ആരംഭിക്കണമെന്നത് കേന്ദ്രസർക്കാർ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു. ടോള്‍ ഗേറ്റില്‍ ആറുമാസത്തിനകം ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്ന് പറയുന്നതിനൊപ്പം കൃത്യമായ ദിവസം കൂടി എന്‍.എച്ച്.എ.ഐ ഉറപ്പ് നല്‍കണമെന്നും ടോള്‍ ഗേറ്റിന്റെ നിശ്ചിത കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ജനങ്ങള്‍ക്ക് പരിഗണന ആവശ്യമാണെന്നും കൂടുതല്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ പരിഗണിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ ആവശ്യപ്പെട്ടു.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ സന്ദർശിച്ച് വിഷയം അറിയിക്കുംവരെ ടോള്‍ ഗേറ്റ് നിർമാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു എന്നിവരും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ഉമേഷ് കെ. ഗാർഗും യോഗത്തിൽ പങ്കെടുത്തു.
എ.ഡി.എം പി. അഖില്‍, എന്‍.എച്ച്.എ.ഐ ഡെപ്യൂട്ടി മാനേജര്‍ ടി. ജസ്പ്രീത്, യു.എല്‍.സി.സി. പ്രതിനിധി എം. നാരായണന്, എന്‍.എച്ച്.എ.ഐ ലെയ്സണ്‍ ഓഫിസര്‍ കെ. സേതുമാധവന്, എന്‍.എച്ച്.എ.ഐ സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.കെ. സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.