മസൂദ്
കാസർകോട്: മൂഡബിദ്രിയിൽ വ്യാഴാഴ്ച നടന്ന വൻ കഞ്ചാവുവേട്ടയിൽ പിടിയിലായ കാസർകോട് സ്വദേശികളിൽ മസൂദ് എന്നയാൾ ലഹരിവിരുദ്ധ പ്രവർത്തകനും മുസ്ലിം ലീഗ് ദേലമ്പാടി പ്രാദേശിക നേതാവുമെന്ന് ആരോപണം. മംഗളൂരു സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസാണ് 123 കിലോ കഞ്ചാവ് പിടികൂടിയതിന് മസൂദടക്കം മൂന്ന് കാസർകോട് സ്വദേശികളെ അറസ്റ്റ് ചെയ്തത്. കടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
വ്യാഴാഴ്ച മൂഡബിദ്രിയിലെ ബെലുവായ് ഗ്രാമത്തിലെ കാന്തവര ക്രോസിനടുത്തുള്ള മഠാദക്കെരെയിലാണ് കഞ്ചാവ് കടത്തുകയായിരുന്ന രണ്ടു കാറുകൾ സി.സി.ബി സംഘം തടഞ്ഞതും മലയാളികളെ അറസ്റ്റ് ചെയ്തതും. കാസർകോട്ടെ ദേലമ്പാടിയിലെ അടൂരിൽ താമസിക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവും ലഹരിവിരുദ്ധ പ്രവർത്തകനും സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ് പിടിയിലായ എം.കെ. മസൂദ് (45). കെ.എ-21-പി-9084, കെ.എൽ-14-എ.എഫ്-7010 എന്നീ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ടു കാറുകൾ, അഞ്ചു മൊബൈൽ ഫോണുകൾ, ഏകദേശം 46.2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് എന്നിവയാണ് മൂഡബിദ്രി പൊലീസ് ഇവരിൽനിന്ന് പിടിച്ചിരുന്നത്.
ദേലമ്പാടി: കർണാടകയിൽ മയക്കുമരുന്നുമായി കഴിഞ്ഞദിവസം പിടിക്കപ്പെട്ട വ്യക്തിയെ ബന്ധപ്പെടുത്തി മുസ്ലിം ലീഗ് പാർട്ടിയെ കളങ്കപ്പെടുത്തുന്നതരത്തിൽ വന്ന വാർത്ത ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിഷേധിച്ചു.
മുസ്ലിം ലീഗിലോ പോഷക സംഘടന ഘടകങ്ങളിലോ ഏതെങ്കിലും പദവി വഹിക്കുന്നയാളല്ല കേസിലകപ്പെട്ട വ്യക്തി. ആവിധം ഉൾപ്പെട്ടതായി തെളിയിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെയും വ്യാപാരത്തെയും മറ്റു സാമൂഹികവിരുദ്ധ മാഫിയ പ്രവർത്തനങ്ങളെയും എതിർക്കുകയും അത്തരം ദുഷ്ചെയ്തികൾക്കെതിരെ കാമ്പയിൻ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ്.
മുസ്ലിം ലീഗിൽ പ്രാഥമികാംഗത്വം മാത്രമുള്ള വ്യക്തിക്കെതിരെ ചുമത്തപ്പെട്ട കേസിനെ പർവതീകരിച്ച് മുസ്ലിം ലീഗിനെ കളങ്കപ്പെടുത്തി അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമം കുത്സിതവും രാഷ്ട്രീയ ദുഷ്ടലാക്കുമാണ് -ദേലമ്പാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
കാസർകോട്: മുസ്ലിം ലീഗിന്റെ അംഗത്വത്തിൽ ഉള്ളയാളാണ് എന്നതിൽ കവിഞ്ഞ് മസൂദ് ലീഗിന്റെ ഒരു ഭാരവാഹിത്വത്തിലും പ്രവർത്തിക്കുന്നില്ല. ബാങ്കിന്റെ ഡയറക്ടർ പദവിയിൽ നടപടി എടുക്കേണ്ടത് ബാങ്ക് ഭരണസമിതിയാണ്. അവർ അതിന്റെ ഉചിതമായ നടപടി സ്വീകരിക്കും. ലീഗ് അംഗത്വത്തിൽനിന്ന് മാറ്റാനുള്ള നടപടി പ്രാദേശിക നേതൃത്വം കൈക്കൊള്ളുമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.