കാസർകോട്: ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജുവിനെതിരെ 211 കോടി രൂപയുടെ ക്രമക്കേട് ആരോപണം. എസ്. ബിജു കോട്ടയം നഗരസഭ സെക്രട്ടറിയായിരിക്കെ നഗരസഭയുടെ ഏഴ് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുടെ കുറവ് സംഭവിച്ചത്. ഇതേത്തുടർന്ന് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ ടെക്നിക്കൽ അക്കൗണ്ട്സിലെ വിദഗ്ധരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് വരുമ്പോൾ ബിജു മലപ്പുറത്തായിരുന്നു. 2025 മാർച്ച് 14ന് റിപ്പോർട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിച്ച് നടപടിക്ക് ശിപാർശ ചെയ്തപ്പോൾ ബിജു കാസർകോട് ജില്ല പഞ്ചായത്ത് സെക്രട്ടറിയാണ്. ബിജുവിനെതിരെയുള്ള കുറ്റാരോപണ മെമ്മോയും റിപ്പോർട്ടും കാസർകോട് ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിജുവിന് കൈമാറി വിശദീകരണം വാങ്ങി പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക് അയക്കാനാണ് നിർദേശം.
കുറ്റാരോപണ മെമ്മോയിൽ ഇങ്ങനെ പറയുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം നഗരസഭകളുടെ മുഴുവൻ അച്ചടി ജോലികൾക്കും ഗ്രാമലക്ഷ്മി മുദ്രാലയത്തെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, കോട്ടയം നഗരസഭയിൽ 2018 മുതൽ 2022 വരെ അഞ്ചു തവണകളിലായി 12000 രസീത് ബുക്കുകൾ രശ്മി ഓഫ് സെറ്റ് പ്രിന്റേഴ്സ് വടക്കൻ പറവൂർ എന്ന സ്ഥാപനത്തിൽ അച്ചടിച്ച് ഉപയോഗിച്ചു.
ഇത് നിരുത്തരവാദപരമാണ്. ബുക്കുകൾ ദുരുപയോഗം ചെയ്യാൻ ഇത് കാരണമായി. 2020-21 മുതൽ 2023-24 വർഷം വരെ ഒന്നുമുതൽ 3000 വരെയുള്ള രസീത് ബുക്കുകളിലെ 155959 രസീത് നമ്പറുകളിൽ 49728 രസീത് നമ്പറുകൾ വ്യാജമാണെന്ന് കണ്ടെത്തി. ഈ ഇനത്തിൽ മാത്രം മുനിസിപ്പാലിറ്റിക്ക് 10.68 കോടി നഷ്ടമായി.
ഔദ്യോഗിക കൃത്യനിർവഹണത്തിലെ ബിജുവിന്റെ വീഴ്ചയാണ് ഇതിനു കാരണമെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. മെമ്മോ ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.