മിനിമാസ്റ്റ് വിളക്കുകൾ കണ്ണടച്ചു; കമ്പനിക്കെതിരെ പരാതി

തൃക്കരിപ്പൂർ: പഞ്ചായത്തിലെ മിനിമാസ്റ്റ് വിളക്കുകളിൽ പലതും പ്രവർത്തന രഹിതമായതിനെ തുടർന്ന് പഞ്ചായത്ത് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ നൽകിയ പരാതി അന്വേഷിക്കാൻ ഫോറം നിയോഗിച്ച കമീഷൻ വിളക്കുകൾ പരിശോധിച്ചു. 2019ലാണ് മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണി ഉൾപ്പെടെ കരാർ വ്യവസ്ഥയിൽ ഉണ്ടെങ്കിലും കമ്പനി അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. മാഹി ആസ്ഥാനമായ കമ്പനിയാണ് 21 വിളക്കുകൾ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്ഥാപിച്ചത്. മൂന്നുവർഷത്തിനുള്ളിൽ കേടുപാടുകൾ സംഭവിച്ചാൽ ലൈറ്റ് മാറ്റിത്തരാനും തുടർ പരിപാലനവും വ്യവസ്ഥയുടെ ഭാഗമാണ്. സ്ഥാപിച്ചയുടനെയുള്ള അറ്റകുറ്റപ്പണികൾ ചെയ്തുവെങ്കിലും ആറുമാസമായി തകരാറിലായ ലൈറ്റുകളൊന്നും ശരിയാക്കാൻ കമ്പനി തയാറായിട്ടില്ല. പല തവണ കത്തയച്ചിട്ടും കമ്പനി അധികൃതർ പ്രതികരിച്ചില്ല. സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് കോഓർപറേഷനിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമായതിനാൽ സെക്യൂരിറ്റി തുകയിൽ ഇളവ് നൽകിയിരുന്നു. ഇതുമൂലം നഷ്ടപരിഹാരം ഈടാക്കാനും സാധിച്ചിരുന്നില്ല. കരാർ ലംഘനം നടത്തിയ ഒവേണിക് കമ്പനിയുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി, തദ്ദേശമന്ത്രി, കണ്ണൂർ ജില്ല വ്യവസായ കേന്ദ്രം മാനേജർ, ദേശീയ ചെറുകിട വ്യവസായ കോർപറേഷൻ എന്നിവർക്ക് തൃക്കരിപ്പൂർ പഞ്ചായത്ത് നേരത്തേ പരാതി നൽകിയിരുന്നു. തുടർന്നാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.