തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള ക്ഷാമം

തൃക്കരിപ്പൂർ: വേനൽ കനത്തതോടെ തൃക്കരിപ്പൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പറയമ്മാനം, കാവില്യാട്ട്, മീലിയാട്ട്, ഉടുമ്പുന്തല, വയലോടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ബീരിച്ചേരിയിൽ നിന്നുള്ള കുടിവെള്ള പദ്ധതിവഴിയുള്ള കുടിവെള്ള വിതരണമാണ് പ്രദേശവാസികളുടെ ആശ്രയം. അതാകട്ടെ, ഒന്നിടവിട്ട ദിവസങ്ങളിൽ ഏതാനും മണിക്കൂർ മാത്രമാണ്. വെള്ളം കിട്ടുന്ന ദിവസമാകട്ടെ ചുരുങ്ങിയ സമയം മാത്രമേ വിതരണവുമുള്ളൂ എന്നതും പ്രയാസമാണ്. തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ മേഖലയിലെ നിരവധി കുടുംബങ്ങൾ ഈ കുടിവെള്ള വിതരണത്തെ ആശ്രയിക്കുന്നവരാണ്.

പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും കിണറുണ്ടെങ്കിലും നഞ്ച് കലർന്ന വെള്ളമായതിനാൽ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. കുഴൽക്കിണർ കുഴിച്ചാലും ഉപ്പുവെള്ളമാണ് കിട്ടുക. കുടിവെള്ളം നിശ്ചിത സമയത്ത് മാത്രം കിട്ടുന്നതുകൊണ്ട് മറ്റ് എല്ലാ ജോലികളും മാറ്റിവെച്ച് വെള്ളത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. വീടുകളിലേക്ക് പ്രത്യേക കണക്ഷനുണ്ടെങ്കിലും രാവിലെ മിക്കപ്പോഴും വെള്ളം കിട്ടാത്ത പ്രശ്നവുമുണ്ട്. ചില വീട്ടുകാർക്ക് വളരെ കുറച്ചു വെള്ളം മാത്രം കിട്ടുന്ന സ്ഥിതിയുമുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ സംഘടനകളുടെ നേതൃത്വത്തിൽ മറ്റ് സ്ഥലങ്ങളിൽനിന്ന് വെള്ളമെത്തി വീട്ടിലെത്തിച്ച് വിതരണംചെയ്യുന്നത് മാത്രമാണ് ആശ്വാസം.

കുടിവെള്ളം എല്ലാ ദിവസവും വിതരണംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്ലാ വർഷവും വേനൽ കനക്കുമ്പോൾ പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രദേശവാസികൾ പറയുന്നു. അതിരൂക്ഷമായ കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ശ്രദ്ധയിലുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണത്തിനുള്ള ടെൻഡർ നടപടി അന്തിമഘട്ടത്തിലാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ടെൻഡർ നടപടി പൂർത്തീകരിച്ച തൊട്ടടുത്ത ദിവസംതന്നെ കുടിവെള്ള വിതരണം നടത്തും. മാർച്ച് അവസാനത്തോടെ തന്നെ കുടിവെള്ള വിതരണം നടത്തണമെന്ന് തീരുമാനിച്ചതാണ്. ടെൻഡറിൽ ഒന്നിലേറെ ആളുകൾ പങ്കെടുക്കാതിരുന്നതും വൈകലിനിടയാക്കി.

Tags:    
News Summary - Drinking water shortage in the western region of Thrikaripur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.