കാഞ്ഞങ്ങാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് കോർ കമ്മിറ്റി വിളിച്ചു ചേർക്കാത്ത ഡി.സി.സി പ്രസിഡന്റിന് അന്ത്യ ശാസനം. വ്യാഴാഴ്ച രാവിലെ പത്തിന് തദ്ദേശ സ്ഥാപനങ്ങളിലെ കോർ കമ്മിറ്റി വിളിച്ചു ചേർക്കാൻ ഡി.സി.സി പ്രസിഡൻറ് അഡ്വ. പി.കെ. ഫൈസലിന് ജില്ലയുടെ സംഘടനാ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡൻറ് എം. ലിജു അന്ത്യശാസനം നൽകി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലയിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ എന്നിവർ ഉൾപ്പെടെ കെ.പി.സി.സിക്ക് പരാതി അറിയിച്ചതിനെ തുടർന്നാണ് കെ.പി.സി.സി പ്രസിഡൻറ് നിർദ്ദേശപ്രകാരം എം. ലിജു ഡി.സി.സിക്ക് അന്ത്യശാസനം നൽകിയത്. ഗ്രാമപഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് കോർ കമ്മിറ്റി യോഗം ചേർന്നിരിക്കണം എന്നാണ് പി.കെ. ഫൈസലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം പ്രസിഡൻറ് തള്ളിയിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡൻറുമാരെയും വൈസ് പ്രസിഡൻറുമാരെയും കൂടിയാലോചന ഇല്ലാതെ ഏകപക്ഷീയമായി ഡി.സി.സി നേതൃത്വത്തിൽ തീരുമാനിക്കാനുള്ള നീക്കത്തിന് എതിരെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഥാനാർഥിനിർണയം മുതൽ എം.പിയെയും കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി നേതൃത്വം അവഗണിക്കുന്നു എന്നായിരുന്നു പരാതി. എം.പി നിർദേശിച്ച ഒന്നും തന്നെ പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയില്ല. സാമുദായിക സാമൂഹിക താല്പര്യങ്ങൾ പരിഗണിച്ചുവേണം സ്ഥാനാർത്ഥിനിർണയം എന്ന നിർദ്ദേശവും അവഗണിച്ചു.
കാന്തപുരം വിഭാഗം നിർദ്ദേശിച്ച സ്ഥാനാർഥികളെ പരിഗണിച്ചില്ല. അതുകാരണം വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായി. എടനീർ മഠം ബി.ജെ.പിയുടെ വലിയ സ്വാധീനത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അടുത്തകാലത്ത് കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തി പോകുന്നു. മഠത്തിൽ നിന്നുള്ള നിർദ്ദേശം അംഗീകരിക്കാൻ ഡി.സി.സി നേതൃത്വം തയ്യാറായില്ല എന്നതാണ് മറ്റൊരു പരാതി. അതുകാരണവും സീറ്റ് നഷ്ടമായി. ബദിയടുക്ക പഞ്ചായത്തിന്റെ ചുമതല പാർട്ടി ചുമതല ഇല്ലാത്ത ഒരാൾക്ക് നൽകി. കോൺഗ്രസിന് ഭരിക്കാമായിരുന്ന ബദിയടുക്ക പഞ്ചായത്തിൽ ഇതുകാരണം സീറ്റുകൾ നഷ്ടമായി.
പുല്ലൂർ പെരിയ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിൽ ആയിരുന്നു. കോൺഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടുമായിരുന്ന പഞ്ചായത്ത് നഷ്ടപ്പെടുത്തിയതും ഡി.സി.സി നേതൃത്വം ആണെന്നാണ് പരാതി. യു.ഡി.എഫിന് അനുകൂലമായി വലിയ തരംഗം സൃഷ്ടിച്ച തദ്ദേശ തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിയ ഇരട്ടക്കൊല രോഷം അടങ്ങാത്ത പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പമായി. പാർട്ടി പുറത്താക്കിയ നാലു പേരെ വേണ്ടത്ര ആലോചനയില്ലാതെ തിരിച്ചെടുത്തതാണ് ഇതിനു കാരണമെന്ന് പറയുന്നു. ബി.ജെ.പിയുമായി ചേർന്ന് പുല്ലൂർ പെരിയ ഭരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായും വിവരം ലഭിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വാർഡിൽ തന്നെ തോറ്റു. മൂന്നു വാർഡുകൾ ഈ രീതിയിൽ തോറ്റത് കൊണ്ടാണ് പുല്ലൂർ പെരിയാർ പഞ്ചായത്തിൽ ഈ സ്ഥിതി വന്നത് എന്നാണ് വിലയിരുത്തൽ. ഡി.സി.സി പ്രസിഡൻറിനെ ഉടൻ നീക്കിയില്ലെങ്കിൽ ജില്ലയിലെ കോൺഗ്രസിന്റെ സ്ഥിതി മോശമാകുമെന്ന് നേതാക്കൾ കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫിനെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയായതോടെന്നാണ് ഡി.സി.സി പുനസംഘടന നിർത്തിവച്ചത്. ഇക്കാര്യം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആലോചിക്കണം എന്നും ജില്ലയിലെ നേതാക്കൾ കെ.പി.സി.സിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.