കരിപ്പൂര്‍ വിമാനത്താവളം: റെസയുടെ നീളം കൂട്ടല്‍: റണ്‍വേ 2,700 മീറ്ററായി കുറയും

കൊണ്ടോട്ടി: വലിയ വിമാനങ്ങളുടെ സര്‍വിസിനായി റെസയുടെ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറയും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി നിര്‍ദേശത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയാല്‍ റണ്‍വേ 2,700 മീറ്ററായി കുറയും. നിലവില്‍ 2,860 മീറ്ററാണ് നീളം.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റ് സമിതി കരിപ്പൂരിലെ റെസയുടെ നീളം കൂട്ടുന്നത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സമിതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പ്രാഥമിക ചര്‍ച്ച നടന്നിരുന്നു. റണ്‍വേയില്‍നിന്ന് സ്ഥലം എടുത്ത് റെസ നിര്‍മിക്കാനാണ് പ്രാഥമിക തീരുമാനം. രണ്ടുഭാഗത്തുനിന്നും 80 മീറ്റര്‍ വീതമാണ് റെസയുടെ നീളം വര്‍ധിപ്പിക്കുന്നതിനായി റണ്‍വേയില്‍നിന്ന് എടുക്കുക.

നിലവില്‍ കരിപ്പൂരില്‍ 90 മീറ്ററാണ് റെസയുടെ നീളം. ഇത് 240 മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇരു റണ്‍വേയിലും 150 മീറ്ററാണ് ഇനി വര്‍ധിപ്പിക്കേണ്ടത്. ഇതില്‍ 80 മീറ്റര്‍ വീതം റണ്‍വേയില്‍നിന്ന് എടുക്കും. ബാക്കി ഭാഗത്തിന് മണ്ണിട്ട് ഉയര്‍ത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ട്. റണ്‍വേയുടെ ഇരുഭാഗത്തുമായി 160 മീറ്റര്‍ റെസയായി പരിഗണിക്കുന്നതോടെ റണ്‍വേ നീളം 2,700 മീറ്ററായി ചുരുങ്ങും. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അന്തിമ അനുമതി ലഭിക്കേണ്ടത് ഡി.ജി.സി.എ ആസ്ഥാനത്തുനിന്നാണ്.

റെസയുടെ നീളം വര്‍ധിപ്പിക്കുന്നതോടെ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ബി-747 ഒഴികെയുള്ള കോഡ് ഇ വിമാനങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിച്ചേക്കും. എ-330 ശ്രേണിയിലുള്ള വിമാനങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ അനുമതി ലഭിക്കുക. എ-330 ഉപയോഗിച്ചായിരുന്നു നേരത്തെ എമിറേറ്റ്സ് ദുബൈ സര്‍വിസ് നടത്തിയിരുന്നത്.

Tags:    
News Summary - karipur internationl airport runway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.