കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
അറസ്റ്റിലായ ദേവസ്വം പ്രസിഡന്‍റ് പത്മകുമാർ സൂചിപ്പിച്ച ദൈവ്യതുല്യനായ ആൾ താനല്ലെന്ന് കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണെന്നും പിന്നീട് ശബരിമലയിലെ സ്‌പോൺസർ എന്ന നിലയിൽ പരിചയം തുടർന്നെന്നും പോറ്റിയുടെ ചതികളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഇരുവരും ഉദ്യോഗസ്ഥരോട് പറഞ്ഞു.
സ്വര്‍ണപ്പാളിയിൽ അറ്റകുറ്റപണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണ്. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതല. ദ്വാരപാലക ശിൽപം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമാണ്.
ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് അറിയിച്ചു. ശിൽപങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് താൻ കൊടുത്തതെന്നും രാജീവര് വ്യക്തമാക്കി.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽവെച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്‍റെ അനുമതി വാങ്ങാതെയാണ്. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണം എന്നാണ് എഴുതിയിരിക്കുന്നതെന്നും രാജീവര് അന്വേഷണ സംഘത്തെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിൽ പൂജ ചെയ്തതായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സമ്മതിച്ചു. പോറ്റി വഴിയാണ് 2023 ജൂലൈയിൽ പൂജക്കായി പോയത്. ബംഗളൂരുവിൽ പലയിടത്തും പൂജക്കെത്തിക്കാൻ പോറ്റി ശ്രമം നടത്തിയെന്നും അങ്ങനെയാണ് ഗോവർന്‍റെ വീട്ടിൽ പൂജ ചെയ്യാൻ സമ്മതിച്ചതെന്നും മോഹനര് മൊഴി നൽകി. ഗോവർധന്‍റെ വീട്ടിൽ രണ്ട് ദിവസത്തെ പൂജയാണ് നടന്നത്. ഗോവർധന്‍റെ ജ്വല്ലറിയുടെ ഉദ്ഘാടനത്തിൽ ദീപം തെളിയിച്ചെന്നും അദ്ദേഹം സമ്മതിച്ചു.
ശബരിമലയിലെ തന്ത്രി കുടുംബവുമായുള്ള ബന്ധം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പിന് മറയാക്കിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കീഴ്ശാന്തിയുടെ സഹായിയായി എത്തിയ പോറ്റി, തന്ത്രി കുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് ഇതരസംസ്ഥാനക്കാരായ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ച് ശബരിമലയിലേക്കുള്ള സ്പോൺഷർഷിപ്പെന്ന പേരിൽ ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.