ത്രിപുര പരാമർശം: മോദിയുടേത് കേരള ജനതയോടുള്ള വെല്ലുവിളി -കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കേരള ജനത യോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അപലപിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുപ്രീംകോടതി വിധി ഭരണഘടന ബെഞ്ചിന്‍റേതാണ്. ആ വിധിയെ ബി.ജെ.പിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്തതാണ്. എന്നാല്‍, ആ വിധിക്കെതിരെയാണ് കേരളത്തിലെ ബി.ജെ.പിയുടെ സമരം. ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് ഒപ്പമാണോ കേരള നേതാക്കള്‍ക്ക് ഒപ്പമാണോയെന്ന് മോദി വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.

ഡല്‍ഹയിയില്‍ ഒന്നു പറയുകയും കേരളത്തില്‍ വന്ന് മറ്റൊന്നു പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ നിയമംവഴി അതിന് പരിഹാരം കാണുകയാണ് വേണ്ടത്. സംസ്ഥാനത്തിനെ കുറ്റം പറഞ്ഞ് വിശ്വാസികള്‍ക്ക് എതിരാണ് ഇടതുമുന്നണി സര്‍ക്കാരെന്ന് വരുത്തി തീര്‍ക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്‍റെയും കേരളത്തില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന അനിശ്ചിതകാല ഉപവാസം പരാജയപ്പെട്ടതിന്‍റെയും ജാള്യത മറയ്ക്കാനാണ് പ്രധാനമന്ത്രി, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനുമേല്‍ കുതിരകയറുന്നത്. രാഷ്ട്രീയ കേരളത്തിന്‍റെ കഴിഞ്ഞ കാല ചരിത്രം പഠിക്കാതെ ആരോ പറഞ്ഞു കൊടുത്ത വിവരത്തിന്‍റെ പിന്‍ബലത്തില്‍ കേരളത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.


Tags:    
News Summary - Kanam Rajendran Narendra Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.