യു.ഡി.എഫ് സ്ഥാനാർഥി രാജീവൻ പരിയാരത്ത് മെഡിക്കൽ കോളജ് കാന്റീൻ ജീവനക്കാർക്കൊപ്പം
പഴയങ്ങാടി: കമ്യൂണിസ്റ്റ് സമരപോരാട്ടങ്ങളുടെ വീരഗാഥകൾ രചിച്ച ചുവന്ന മണ്ണായ കല്യാശ്ശേരി മണ്ഡലം നിലവിൽവന്നത് 2008ലെ മണ്ഡല പുനർനിർണയത്തോടെയാണ്. പഴയ മാടായി മണ്ഡലത്തിന്റെയും പയ്യന്നൂർ നിയോജക മണ്ഡലത്തിന്റെയും ഭാഗങ്ങൾ കൂടിച്ചേർന്നതാണ് കല്യാശ്ശേരി നിയമസഭ നിയോജക മണ്ഡലം.
കമ്യൂണിസ്റ്റ് വിപ്ലവകാരികളും സമരനായകരുമായ കെ.പി.ആർ. ഗോപാലൻ മുതൽ ഇ.കെ. നായനാർവരെയുള്ള കമ്യൂണിസ്റ്റ് സമരനായകരുടെ തട്ടകമായ കല്യാശ്ശേരി കൊടുങ്കാറ്റിലും ഇളകാത്ത ഇടതിന്റെ കരുത്ത് കോട്ടയായാണ് അറിയപ്പെടുന്നത്.
മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, കടന്നപ്പള്ളി -പാണപ്പുഴ, പട്ടുവം, കുഞ്ഞിമംഗലം എന്നീ പത്ത് പഞ്ചായത്തുകളിൽ മാടായി, മാട്ടൂൽ പഞ്ചായത്തുകൾ യു.ഡി.എഫിന്റേതും മറ്റ് എട്ടു പഞ്ചായത്തുകൾ എൽ.ഡി.എഫിന്റേതുമാണ്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴോം പഞ്ചായത്തിൽ രണ്ട് വാർഡുകൾ യു.ഡി.എഫ് നേടിയതാണ് പുതിയ ചരിത്രം. കല്യാശ്ശേരി മണ്ഡലത്തിന്റെ 2011ലെ കന്നിയങ്കത്തിൽ 29,946 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സി.പി.എമ്മിലെ ടി.വി. രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്. 2016ൽ ടി.വി. രാജേഷ് വീണ്ടും മത്സരിച്ചപ്പോൾ ലഭിച്ച 42,891 വോട്ടിന്റെ ഭൂരിപക്ഷം, ആ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ശ്രദ്ധേയ ഭൂരിപക്ഷമായിരുന്നു.
2021ലാകട്ടെ നിയമസഭ തെരഞ്ഞെടുപ്പിൽ എം. വിജിൻ 44,393 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിയമസഭയിലെത്തിയത്. എന്നാൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കല്യാശ്ശേരി നിയമസഭ മണ്ഡലത്തിൽ കഥ മാറി. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കല്യാശ്ശേരി നിയമസഭ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷം 1058 വോട്ട് മാത്രമാണ്. ബി.ജെ.പി നേടിയ വോട്ട് 17,688ഉം.
സിറ്റിങ് എം.എൽ.എ എം. വിജിൻ തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാളുകൾക്ക് മുമ്പേ വിജിൻ പ്രചാരണരംഗത്തിറങ്ങിയിരുന്നു. മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചും വികസന വാഗ്ദാനങ്ങൾ നൽകിയുമാണ് എം. വിജിൻ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്.
യു.ഡി.എഫിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നത് രാജീവൻ കപ്പച്ചേരിയാണ്. രാജീവൻ കപ്പച്ചേരിയുടെ പേര് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന്റെ അവസാനഘട്ടത്തിലാണ് പ്രഖ്യാപിച്ചത്. അതിനാൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ എൽ.ഡി.എഫായിരുന്നു മുൻതൂക്കം. എന്നാൽ ഏറെ വാശിയോടെ യു.ഡി.എഫ് പ്രചാരണ രംഗം മെച്ചപ്പെടുത്തി.
തങ്ങളുടെ ഉരുക്ക് കോട്ടയായ കല്യാശ്ശേരിയിൽ ചരിത്രഭൂരിപക്ഷം നേടുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. മണ്ഡലം രൂപവത്കൃതമായതു മുതൽ ഇടത് സ്ഥാനാർഥിയെ മാത്രം തുണച്ച മണ്ഡലത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് ഇടതു മുന്നണി ഉറപ്പിക്കുന്നു. എന്നാൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ വോട്ട് ചോർച്ചയുടെ പോസിറ്റിവ് ബലത്തിൽ പ്രതീക്ഷയുയർത്തി ഒത്തുപിടിച്ചാൽ ഏത് മലയും മറിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരിയും യു.ഡി.എഫും.
വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കുന്നതിന് പ്രാമുഖ്യം നൽകിയാണ് ഇരു മുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം. പള്ളികൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, ആശുപത്രികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് മുന്നണികളുടെ പ്രചാരണം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 11,365 വോട്ട് നേടിയ ബി.ജെ.പി ഇൗ പ്രാവശ്യവും കല്യാശ്ശേരിയിൽ മത്സരിക്കുന്നുണ്ട്. എ.വി. സനിലാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. പതിവിൽനിന്നും ഭിന്നമായി കല്യാശ്ശേരിയുടെ ചുവപ്പ് കോട്ടയിൽ പോരാട്ടത്തിന് ഇത്തവണ ചൂരുംചൂടുമേറുന്നു.
ബാലസംഘത്തിലൂടെ ചുവപ്പ് രാഷ്ട്രീയത്തിലെത്തിയ വിജിൻ എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയുമായിരുന്നു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2021ൽ കല്യാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജിന്റെ രണ്ടാമങ്കമാണ് ഈ തെരഞ്ഞെടുപ്പ്.
യു.ഡി.എഫിന്റെ സ്ഥാനാർഥിയായി ഈപ്രാവശ്യം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരിയാണ് കല്യാശ്ശേരിയിൽ യു.ഡി.എഫിന്റെ സ്ഥാനാർഥി. 2015 -2020ൽ പട്ടുവം പഞ്ചായത്ത് അംഗമായ രാജീവൻ മികച്ച മാതൃക പഞ്ചായത്തംഗ പുരസ്കാര ജേതാവാണ്. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ രാജീവൻ കോഴിക്കോട് സർവകലാശാല യൂനിയൻ കൗൺസിലറായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ല വൈസ് പ്രസിഡന്റ്. രണ്ട് വർഷം മുമ്പ് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചാടിയ സനിൽ യൂത്ത് കോൺഗ്രസ് കാസർകോട് പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.