കളമശ്ശേരി പോളിയിലെ റാഗിങ്:  11 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കളമശ്ശേരി/കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിന്‍െറ ഭാഗമായി കൊടുംപീഡനത്തിന് നേതൃത്വം നല്‍കിയ 11മുതിര്‍ന്ന വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളെയാണ് പ്രിന്‍സിപ്പല്‍ സി.കെ. മോഹനന്‍ സസ്പെന്‍ഡ് ചെയ്തത്. 

ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ അഞ്ചുമാസമായി സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമാക്കുന്ന വിവരം ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്. സംസ്ഥാന മനുഷ്യാവകാശ കമീഷനും കൊച്ചി റേഞ്ച് ഐ.ജിക്കും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളടങ്ങിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അടിയന്തര നടപടിയെടുക്കുകയായിരുന്നു. കോളജിലെ ആന്‍റി റാഗിങ് സെല്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പേരടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ട് മേലധികാരികള്‍ക്കും പൊലീസിനും കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. റാഗിങ്ങിനെക്കുറിച്ച് കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ട്. 

ആണ്‍കുട്ടികളുടെ ഹോസ്റ്റലായ പെരിയാറില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മനുഷ്യാവകാശ കമീഷനും റേഞ്ച് ഐ.ജിക്കും പരാതി സമര്‍പ്പിച്ചത്. ഭക്ഷണശാലയില്‍ അടിവസ്ത്രം ധരിപ്പിക്കാതിരിക്കുക, കുളിമുറിയുടെ വാതില്‍ തുറന്നുവെച്ച് കുളിപ്പിക്കുക, നിര്‍ബന്ധിത നഗ്നതപ്രദര്‍ശനം തുടങ്ങിയ പ്രാകൃതചട്ടങ്ങള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചേല്‍പിച്ചിരുന്നെന്നും ആരെങ്കിലും എതിര്‍ത്താല്‍ കൂടുതല്‍ പ്രാകൃതപീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ നഗ്നരാക്കി ഭക്ഷണഹാളിനുചുറ്റും ഓടിക്കുമായിരുന്നു. ശൗചാലയം അടച്ചിട്ട് കുളിക്കുന്നവരെ കണ്ടത്തെി പൂട്ടിയിടുന്നതും തോര്‍ത്ത് മാത്രം ധരിച്ച് ഭക്ഷണശാല കഴുകണമെന്ന നിബന്ധനയും ഭയന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷംപേരും താമസം മതിയാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - kalamaserry ragging case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.