പട്ടാപ്പകൽ ബാങ്ക് കൊള്ളയടിക്കുന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചത് പിണറായി വിജയന്‍റെ ഭരണമികവ് -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ചാലക്കുടിയിൽ ഫെഡറൽ ബാങ്ക് പട്ടാപ്പകൽ കൊള്ളയടിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില പൂർണമായും തകർന്നതിന്‍റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പ്രധാന ബാങ്കിൽനിന്നും കത്തി കാണിച്ച് 15 ലക്ഷം രൂപ കവരാൻ അക്രമിക്ക് സാധിച്ചത് കേരള പൊലീസിന്‍റെ പരാജയമാണ്. പട്ടാപ്പകൽ ബാങ്ക് കൊള്ളയടിക്കുന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചത് പിണറായി വിജയന്‍റെ ഭരണമികവാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

“ഒരാഴ്ചക്കുള്ളിൽ അര ഡസൻ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കാടൻ റാഗിങ് ആക്രമണങ്ങൾ വേറെ. കോട്ടയം നഴ്സിങ് കോളജിലെ ക്രൂരമായ റാഗിങ് തീവ്രവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു. പ്രതികളായ ക്രിമിനലുകൾ ഇടത് വിദ്യർഥി സംഘടനകളുടെ നേതാക്കളായതിനാൽ പൊലീസ് സംരക്ഷണം കൊടുക്കുകയാണ്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായ സിദ്ധാർഥനെ കൊലപ്പെടുത്തിയ സംഘടനയുടെ പ്രവർത്തകർ തന്നെയാണ് കോട്ടയത്തും മനുഷ്യത്വവിരുദ്ധമായ റാഗിങ് നടത്തിയത്.

കൊട്ടേഷൻ സംഘങ്ങളും ലഹരി മാഫിയകളും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. പരസ്യമായ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും കേരളത്തിൽ നിത്യസംഭവങ്ങളായി മാറി. ലഹരിമാഫിയകൾക്കെതിരെ സർക്കാരും പൊലീസും കാണിക്കുന്ന മൃദുസമീപനമാണ് കേരളം ലഹരിയുടെ പിടിയിലമരാൻ കാരണം. ബാങ്കുകൾ വരെ പരസ്യമായി കൊള്ളയടിക്കുന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചത് പിണറായി വിജയന്‍റെ ഭരണമികവാണ്. ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തുനിന്നും പിണറായി വിജയൻ സ്വയം മാറി നിൽക്കുന്നതാണ് നല്ലത്” -കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖഖയിൽനിന്ന് പണം കവർന്ന മോഷ്ടാവിനായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സ്കൂട്ടറിലെത്തിയ മോഷ്ടാവ്, ജീവനക്കാരെ കത്തിമുനയിൽ ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. 15 ലക്ഷത്തോളം രൂപ അപഹരിച്ചതായാണ് പ്രാഥമിക വിവരം. ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ക്യാഷ് കൗണ്ടറിന്‍റെ ഗ്ലാസ് അടിച്ചുതകർത്ത് അകത്തുകയറി വലിപ്പിൽനിന്ന് പണം കവരുകയായിരുന്നു.

Tags:    
News Summary - BJP State President K Surendran slams govt law and order in Potta Federal Bank Robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.