മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്ന് കെ. സുധാകരന്‍; ‘കെജ്രിവാളിന്‍റെ ജാമ്യം ശുഭപ്രതീക്ഷ നല്‍കുന്നത്’

തിരുവനന്തപുരം: മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാഷിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ഇൻഡ്യ സഖ്യത്തിന്റെ പോരാട്ടത്തിന് കൂടുതല്‍ കരുത്തേകും.

മൂന്നുഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണ്. വര്‍ഗീയത വാരിവിളിമ്പിയിട്ടും ജനങ്ങള്‍ മോദിയോട് പുറംതിരിഞ്ഞുനിൽക്കുന്നു. ഇൻഡ്യ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി മെച്ചപ്പെടുന്നു. ഇനിയുള്ള നാല് ഘട്ടം തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ കൂടി പ്രചാരണരംഗത്ത് എത്തുന്നതോടെ ഇൻഡ്യ സഖ്യത്തിന് വലിയ കുതിപ്പിനുള്ള സാധ്യത തെളിഞ്ഞെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇൻഡ്യ സഖ്യത്തിന്റെ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran said that the death knell of the Modi administration has sounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.