‘രാജ്യത്ത്​ മുസ്​ലിംകൾ സുരക്ഷിതർ’: കാന്തപുരത്തിന്‍റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം; പ്രതിപക്ഷ നേതാവും ഇടതുമുന്നണി കൺവീനറും പ്രസ്താവന തള്ളി

കോഴിക്കോട്​: രാജ്യത്ത്​ മുസ്​ലിംകൾ പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടുന്നില്ലെന്നും സുരക്ഷിതരാണെന്നുമുള്ള​ കാന്തപുരം അബൂബക്കർ മുസ്​ലിയാരുടെ പ്രസ്താവനയിൽ വ്യാപക വിമർശനം. രാജ്യത്ത്​ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മുസ്​ലിം, ക്രൈസ്തവ സമുദായങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കുമ്പോഴാണ്​ കാന്തപുരത്തിന്‍റെ വെള്ളപൂശൽ എന്നാണ്​ വിമർശനം.

സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കൊപ്പം പ്രതിപക്ഷ നേതാവും ഇടതുമുന്നണി കൺവീനറും കാന്തപുരത്തിന്‍റെ പ്രസ്താവന തള്ളി. രാജ്യത്ത്​ മുസ്​ലിം, ക്രൈസ്തവ സമുദായങ്ങൾ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന്​ ഇരുവരും വ്യക്തമാക്കി. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ കാന്തപുരം പ്രസ്താവന നടത്തിയത്​.

നിയമസഭ തെരഞ്ഞെടുപ്പ്​ പടിവാതിൽക്കൽ നിൽക്കെ, കാന്തപുരം കേന്ദ്ര സർക്കാറിനെ വെള്ളപൂശുന്ന നിലപാട്​ സ്വീകരിച്ചത്​ ബി.ജെ.പിയുടെ ആസൂത്രണമാണെന്ന വിമ​ർശനവും ഉയരുന്നുണ്ട്​. പ്രധാനമന്ത്രിയുമായുള്ള കാന്തപുരത്തിന്‍റെ കൂടിക്കാഴ്ച ബി.ജെ.പി ഹാൻഡിലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്​. മുസ്​ലിംകൾ രാജ്യത്ത്​ സുരക്ഷിതരാണെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ‘ജന്മഭൂമി’ പത്രം വൻ പ്രാധാന്യത്തിലാണ്​ പ്രസിദ്ധീകരിച്ചത്​.

അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്ന കാന്തപുരം വിഭാഗം നേതാക്കളും പ്രവർത്തകരും പക്ഷേ, മുസ്​ലിംകൾ സുരക്ഷിതരാണെന്ന പ്രസ്​​താവനയിൽ പ്രതിരോധത്തിലാവുകയാണ്​. രാജ്യത്തെ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക്​ സുരക്ഷ നൽകുന്നുണ്ടെന്നാണ്​ കാന്തപുരം ഉദ്ദേശിച്ചതെന്ന ദുർബല പ്രതികരണത്തിലൂടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ്​ അവർ.

രാജ്യത്ത്​ മുസ്​ലിംകൾക്ക്​ പ്രയാസങ്ങളില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിന്​ തടസ്സങ്ങളില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടിയിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ, ബുൾഡോസർ രാജ്​, വഖഫ്​ ബിൽ, എസ്​.ഐ.ആർ തുടങ്ങി സമുദായത്തെ കടുത്ത അരക്ഷിതാവസ്ഥയിലാക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ തുടരുമ്പോഴാണ്​ സമുദായം പ്രയാസങ്ങൾ നേരിടുന്നില്ലെന്ന വാദമുയർത്തി കേന്ദ്ര സർക്കാറിനെ കാന്തപുരം വെള്ളപൂശുന്നതെന്ന് വിമർശകർ​ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - 'Muslims are safe in the country': Widespread criticism against Kanthapuram's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.