തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കവിയും സാഹിത്യകാരനുമായ പ്രഫ. കെ. സച്ചിദാനന്ദൻ രാജിവെച്ചു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും സ്ഥാനമൊഴിഞ്ഞു. സാഹിത്യ അക്കാദമിയിൽ നേരിട്ടെത്തിയാണ് സച്ചിദാനന്ദൻ രാജി സമർപ്പിച്ചത്. സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെയാണ് അക്കാദമി ഭാരവാഹികളുടെ രാജി.
2022ൽ ചുമതലയേറ്റ സമിതിയുടെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായതിനെ തുടർന്ന് സർക്കാർ ഒരു വർഷം കൂടി നീട്ടിനൽകിയിരുന്നു. ഈ കാലാവധി മേയ് 31ന് അവസാനിക്കാനിരിക്കെയാണ് പടിയിറക്കം. രാജിയുണ്ടാകുമെന്ന കൃത്യമായ സൂചനകൾ കഴിഞ്ഞ ദിവസം തന്നെ സച്ചിദാനന്ദൻ സമൂഹമാധ്യമങ്ങളിലൂടെ നൽകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘ഈ മുൾക്കിടക്ക വിടുന്നു’ എന്ന അദ്ദേഹത്തിന്റെ കമന്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാറിനും ഇടതുമുന്നണിക്കുമതിരെ രൂക്ഷവിമർശനമുയർത്തിയ ശേഷമാണ് സച്ചിദാനന്ദന്റെ പടിയിറക്കം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ മനുഷ്യർ തന്നെയാണ് ഇത് ഇടതുപക്ഷമല്ലാതായി എന്നറിഞ്ഞ് എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തതെന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സത്യസന്ധരായ നേതാക്കൾ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രണ്ട് വലതുപക്ഷ കക്ഷികൾ തമ്മിലായിരുന്നു ഇത്തവണത്തെ മത്സരമെന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു. പാർട്ടികൾ നടത്തുന്ന ആശയപരവും വർഗപരവുമായ അഴിച്ചുപണിയെ ആശ്രയിച്ചായിരിക്കും ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഭരണത്തുടർച്ച സംബന്ധിച്ച കാര്യങ്ങളിൽ ഇനി തനിക്കൊന്നും പറയാനില്ലെന്നും പത്തുവർഷം കഴിഞ്ഞാൽ കോൺഗ്രസിനും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുമെന്നും മാധ്യമങ്ങളോട് സച്ചിദാനന്ദൻ പ്രതികരിച്ചു. കേരളത്തിന് നല്ലത് ഇരു മുന്നണികളും മാറിമാറി ഭരിക്കുന്നതാണെന്നും ഭരണത്തുടർച്ചയുണ്ടായാൽ ബംഗാളിലെ അവസ്ഥയാകുമെന്നുമുള്ള അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകളും നേരത്തെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.