പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി പാട്ടിനെതിരെ പരാതി നൽകിയതിൽ തിരുവാഭരണപാത സംരക്ഷണ സമിതിയിൽ ഭിന്നത. പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യമെന്നും പരാതി നൽകിയതിൽ തിരുവാഭരണപാത സംരക്ഷണ സമിതിക്ക് ബന്ധമില്ലെന്നും ചെയർമാൻ കെ. ഹരിദാസ് വ്യക്തമാക്കി.
സി.പി.എം പരാതി നൽകിയതിന് പിന്നാലെ സംരക്ഷണ സമിതിയുടെ പേരിൽ പരാതി നൽകിയെന്ന് പത്രപ്രസ്താവന നടത്തിയത് വിശ്വാസത്തെയോ ക്ഷേത്രത്തെയോ സംരക്ഷിക്കാനല്ല. വിശ്വാസികളുടെ വികാരത്തെ മാനിച്ചല്ല. കൊള്ള നടത്തിയവരെ സംരക്ഷിക്കാനും വെള്ളപൂശാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ. ഹരിദാസ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ പാരഡി പാട്ടിനെതിരെയാണ് സി.പി.എം പരാതി നൽകുന്നത്.
പരാതി ഗൗരവ സ്വഭാവത്തിൽ അന്വേഷിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു. ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികലമാക്കിയെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.
ഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണം. പാരഡി ഗാനത്തിൽ അയ്യപ്പന് ശരണം വിളിക്കുന്നത് അപമാനകരമാണ്. ഗാനം ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. പാട്ട് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണം. ഭക്തിഗാനത്തിന്റെ ഈണത്തിൽ പാരഡി ഇറക്കിയത് ശരിയായില്ലെന്നും അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.