തിരുവനന്തപുരം: സമൂഹത്തിലെ മൂല്യച്യുതികൾ ഇല്ലായ്മ ചെയ്യാൻ സ്കൂൾ തലം മുതൽ പഠനം ആവശ്യമാണെന്ന് കേരള ഹൈകോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ, ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (അഡിക് )-ഇന്ത്യ, നാഷണൽ റിസോഴ്സ് സെന്റർ ഫോർ നോൺ കമ്യൂണിക്കേബിൾ ഡിസീസസ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്രയേറെ മൂല്യച്യുതി ഉണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിലും, സമൂഹത്തിലും മികവ് പുലർത്തേണ്ടവർ ഇങ്ങനെ ലഹരിക്ക് അടിമയാകുന്നത് അംഗീകാരിക്കാനില്ല, കേരളത്തിലെ യുവാക്കൾക്കിടയിൽ ഏറ്റവും അപകടകരമായ രീതിയിൽ മയക്ക് മരുന്നു ഉപയോഗം വർധിച്ചത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അത് തടയാനുള്ള നടപടികൾ ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
കേരളത്തിൽ മയക്ക് മരുന്നു ഉപയോഗം കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരള സമൂഹത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങൾ പോലും ശിഥിലമായിരിക്കൊണ്ടിരിക്കുകയാണ്, കുടുംബ കോടതികളിൽ കേസുകൾ വർധിക്കുന്നു. കുടുംബത്തിന്റേയും, സമൂഹത്തിന്റേയും മൂല്യം ഇന്നത്തെ തലമുറ മനസിലാക്കുന്നില്ല. വേഗത്തിൽ പണം ലഭിക്കാൻ ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ കാലം നിലനിൽക്കില്ല എന്ന് എല്ലാവരും ഓർമ്മിക്കണമെന്നും ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഇതിനായി പഠനം കാലഘട്ടം മുതൽ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി ബാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ലീഗൽ ജില്ലാ ജഡ്ജി കെ.പി അനിൽകുമാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ, സിറ്റി പൊലീസ് കമീഷണർ നാഗരാജു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ അജിത് കുമാർ, അഡിക് ഇന്ത്യ ഡയറക്ടർ ജോൺസൺ ജെ. ഇടയറന്മുള എന്നിവർ പങ്കെടുത്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്. ഷംനാദ് സ്വാഗതം ആശംസിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന മദ്യ - മയക്കുമരുന്ന് വ്യാപനവും വിപത്തും നിർമാർജനം ചെയ്യുന്നതിനുള്ള കർമപദ്ധതി ആവിഷ്‌കരിക്കുന്നതിനാണ് സംസ്ഥാനതല ശില്പശാല നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.