തിരുവനന്തപുരം: ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസൺ 2 ൽ തിരുവനന്തപുരം സ്ട്രൈക്കേഴ്സ് കിരീടം നിലനിർത്തി. ഫൈനലിൽ കൊച്ചിൻ ഹീറോസിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാരായത്. ഫൈനലിൽ ടോസ് കിട്ടി ബോളിങ് തെരഞ്ഞെടുത്ത കൊച്ചിൻ ഹീറോസിനെതിരെ സ്ട്രൈക്കേഴ്സ് 10 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിൻ ഹീറോസിന്റെ ഇന്നിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 87 റൺസിന് അവസാനിച്ചു. സ്ട്രൈക്കേഴ്സിന്റെ ഹരികൃഷ്ണൻ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി.
സെമി ഫൈനലിൽ കോട്ടയത്തെ പരാജയപ്പെടുത്തിയാണ് സ്ട്രൈക്കേഴ്സ് ഫൈനലിലെത്തിയത്. പാലക്കാടിനെയാണ് കൊച്ചിൻ ഹീറോസ് സെമിയിൽ പരാജയപ്പെടുത്തിയത്. ഹീറോസിന്റെ ക്യാപ്റ്റൻ അനിൽ സച്ചു ടൂർണമെന്റിലെ താരമായി. മികച്ച ബാറ്റർക്കുള്ള അവാർഡും അനിൽ സച്ചുവിനാണ്. പത്തനംതിട്ടയുടെ സച്ചിൻ സജി മികച്ച ബോളറും രഞ്ജി മികച്ച ഫീൽഡറുമായി. തിരുവനന്തപുരത്തിന്റെ സി.പി ദീപുവാണ് മികച്ച വിക്കറ്റ് കീപ്പർ.
വിജയികൾക്ക് മന്ത്രി കെ. രാജൻ ട്രോഫികൾ സമ്മാനിച്ചു. ചാമ്പ്യന്മാർക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് അര ലക്ഷം രൂപയും സമ്മാനിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ട്രാൻസ്‌പോർട് സെക്രട്ടറി കെ. വാസുകി, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, രഞ്ജി താരവും അണ്ടർ 19 പ്ലേയറുമായ ഷോൺ റോജർ യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം.വി വിനീത, ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. 19, 20,21 തീയതികളിലായി തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജെ സി എൽ - 2 ൽ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.