വീട്ടമ്മയെ കൊന്ന്​ കുഴിച്ചുമൂടിയ നിലയിൽ; കാമുകനും സഹായിയും അറസ്​റ്റിൽ 

അടിമാലി: ആറു മാസം മുമ്പ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി പുരയിടത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തി. കാമുകനും  സഹായിയും അറസ്റ്റിൽ. പണിക്കൻകുടി ചിന്നാർനിരപ്പ് മണിക്കുന്നേൽ ലാലിയുടെ (42) മൃതദേഹമാണ് വീടിനു സമീപത്തെ പുരയിടത്തിൽനിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്  അയൽവാസി കിളിയിക്കൽ ജോണി (48), ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത നേര്യമംഗലം മരുതുംമൂട്ടിൽ രാജൻ (49) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാണാതായത് മുതൽ ജോണി ഒളിവിലായിരുന്നു.

മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ജോണിയെ കുടകിൽനിന്ന് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതത്തി​െൻറ ചരുളഴിഞ്ഞത്. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ ലാലിയുമായി രണ്ടു വർഷം മുമ്പാണ് ജോണി പരിചയപ്പെടുന്നത്. തുടർന്ന്, വാഴത്തോപ്പ് കേശവമുനി ഭാഗത്ത് താമസിച്ചിരുന്ന ഇയാൾ ചിന്നാർ നിരപ്പിൽ സ്ഥലം വാങ്ങി താമസം ആരംഭിച്ചു. ലാലിയുടെ വീട് നിർമിക്കാൻ ജോണിയാണ് കരാർ എടുത്തിരുന്നത്. ഇതോടെ ഇരുവരും കൂടുതൽ അടുത്തു. വീട് നിർമാണം പൂർത്തിയായപ്പോൾ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു വർഷം മുമ്പ് ഇവർ പിണങ്ങിപ്പിരിഞ്ഞു. കഴിഞ്ഞ നവംബർ ഒന്നിന് രാത്രി 8.30ഓടെ ലാലിയുടെ വീട്ടിലെത്തിയ ജോണി ഇവരുമായി വാക്കുതർക്കത്തിലായി. കലഹം മൂർഛിച്ചതോടെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും തുടർന്ന് ബലാൽസംഗം ചെയ്തെന്നും ജോണി പൊലീസിനോട് സമ്മതിച്ചു. അർധരാത്രിയോടെ മൃതദേഹം വലിച്ചിഴച്ച് വീടിനു സമീപത്ത് കുഴിച്ചുമൂടി.

ലാലിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും കൈവശപ്പെടുത്തി ജോണി രാത്രിതന്നെ ഇവിടെ നിന്ന് കടക്കുകയായിരുന്നു. നവംബർ 12ന് ജോണി  നേര്യമംഗലത്തുനിന്ന് മൂവാറ്റുപുഴയിൽ താമസിക്കുന്ന ലാലിയുടെ മകൻ സുനിലിനെ ഫോണിൽ വിളിച്ച് അമ്മ ത​െൻറ കൂടെയുണ്ടെന്നും യാത്രയിലാണെന്നും അറിയിച്ചു. ഫോൺ വിളിയിൽ സംശയം തോന്നിയ മകൻ നടത്തിയ അന്വേഷണത്തിൽ കുറച്ചു ദിവസമായി അമ്മയെ കാണാനില്ലെന്ന് മനസ്സിലായി.  പിന്നീടുള്ള അന്വേഷണത്തിൽ ലാലിയുടെ തിരോധാനത്തിൽ ജോണിക്ക് പങ്കുള്ളതായി ബോധ്യപ്പെട്ടു. തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മക്കുവള്ളി, മനയത്തടം എന്നിവിടങ്ങളിൽ തങ്ങിയശേഷം ഒരാഴ്ച മുമ്പാണ് കുടകിലേക്ക് പോയത്. പ്രായപൂർത്തിയായ രണ്ടു മക്കൾ ഉള്ള ജോണിയുടെ നാലാമത്തെ ബന്ധമാണിത്. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ പ്രേത്യക സംഘമാണ് അന്വേഷണം നടത്തിയത്. എസ്.പി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈ.എസ്.പി അനിരുദ്ധൻ, ദേവികുളം തഹസിൽദാർ ടി.എ. ഷാജി, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.  

Tags:    
News Summary - johny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.