പാലക്കാട് വാളയാറിൽ ആൾക്കൂട്ടം മർദിച്ചുകൊന്ന ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്റെ മൃതദേഹം ആംബുലൻസിൽ കയറ്റുന്നു. ഉൾച്ചിത്രത്തിൽ മൃതദേഹം കാണാനെത്തിയ ഭാര്യയും മക്കളും

ഇതാ, ഈ മക്കളു​ടെ അച്ഛനെയാണ് നിങ്ങൾ ചോരതുപ്പുംവരെ തല്ലിക്കൊന്നത്...

തൃശൂർ: മോർച്ചറിക്ക് മുന്നിലെത്തിയപ്പോൾ കരഞ്ഞു കലങ്ങിയിരുന്നു ആ കുരുന്നുകളുടെ കണ്ണുകൾ...  ഇവരുടെ അരവയർ നിറക്കാൻ കേരളത്തിലേക്ക് വണ്ടി കയറിയ അച്ഛൻ, തണുത്തുറഞ്ഞ സ്റ്റീൽ ടേബ്ളിൽ ചേതനയറ്റു കിടക്കുന്നു. മുട്ടുകാൽ വരെ എത്തുന്ന ഒരു തുണി  മൃതശരീരത്തിൽ പുതച്ചിരുന്നു. ആ പുതപ്പിന് വെളിയിൽ കാണുന്ന കാലിന്റെ പെരുവരലിൽ വരെ അടിയേറ്റ് രക്തം കല്ലിച്ചു കിടക്കുന്നു. പാലക്കാട് വാളയാർ അട്ടപ്പള്ളത്തെ മനുഷ്യമൃഗങ്ങൾ, ‘നീ ബംഗ്ലാദേശിയാണോ??’ എന്ന് മുറിഹിന്ദിയിൽ ചോദിച്ച്, വളഞ്ഞിട്ടു തല്ലിയതിന്റെ ഒരിക്കലും മായ്ക്കാനാവാത്ത അടയാളങ്ങൾ...


പാലക്കാട് വാളയാറിൽ ബി.ജെ.പിക്കാരടങ്ങുന്ന സംഘം മർദിച്ചുകൊന്ന ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്റെ മൃതദേഹം കാണാൻ അദ്ദേഹത്തിന്റെ രണ്ടു കുഞ്ഞുമക്കളും ഭാര്യയും എത്തിയപ്പോൾ കണ്ടുനിന്നവരുടെ ഹൃദയം തകർന്നുപോയി. മാധ്യമപ്രവർത്തകർ അച്ഛനെ കുറിച്ച് ചോദിച്ചപ്പോൾ, ഒന്നും മിണ്ടാനാവാതെ ചാനൽ കാമറകളെ നോക്കി അവർ വിതുമ്പുകയായിരുന്നു. ജീവനറ്റെങ്കിലും അച്ഛന്റെ ശരീരം എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ തീരുമാനം. മതിയായ നഷ്ടപരിഹാരം നൽകിയ ശേഷം മൃതദേഹം ഏറ്റുവാങ്ങാനാണ് കുടുംബത്തിന്റെയും നിയമസഹായവുമായി രംഗത്തുള്ള സന്നദ്ധപ്രവർതതകരുടെയും തീരുമാനം.

പ്രതികളിൽ സ്ത്രീകളും

രാംനാരായണനെ ബംഗ്ലാദേശി എന്നാരോപിച്ച് തല്ലിക്കൊന്ന സംഭവത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് പൊലീസ്. കൊലപാതകത്തിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകരടങ്ങുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ അഞ്ചുപേർ സ്ത്രീകളാണ്. ഇവരും രാംനാരായണിനെ മർദിച്ചതായാണ് പൊലീസ് കണ്ടെത്തൽ.

രണ്ടുമണിക്കൂറിലേറെ നീണ്ട ആക്രമണത്തിനാണ് രാംനാരായണൻ ഇരയായത്. പ്രതികളെ പിടികൂടാൻ അന്വേഷണം ഏറ്റെടുത്ത ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. സംഭവ സമയത്ത് ചിത്രീകരിച്ച വിഡിയോ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. രാംനാരായണനെ ആക്രമിച്ചവരിൽ ചിലർ നാടുവിട്ടെന്നാണ് നിഗമനം.

പിടിയിലായവർ നിരവധി കേസുകളിൽ പ്രതി

നിലവിൽ പിടിയിലായവർ മുമ്പ് നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ബി.ജെ.പി അനുഭാവികളാണ്. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയിൽ നടക്കുകയാണ്.

ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടക്കൊലപാതകമെന്ന നിലയിലാണ് കേസ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയം വേർതിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.

നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും -എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ

രാംനാരായണിന്റെ ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ലെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശൂർ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ‘പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും -എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു. കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ, ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു’ എന്നാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.

‘നിങ്ങളുമായി സംവദിച്ചിട്ടു ഒത്തിരി നാളായി. ഇന്ന് എന്റെ മനസ്സിനെ അത്യന്തം വേദനിപ്പിച്ച ഒരു പോസ്റ്റ്മോർട്ടം പരിശോധനയുടെ അനുഭവത്തെക്കുറിച്ച്, ഒരു ഡോക്ടറായും ഒരു മനുഷ്യനായും, പൊതുസമൂഹത്തോട് ചിലത് പറയണം എന്ന് തോന്നി. ജോലി തേടി നമ്മുടെ നാട്ടിലെത്തിയ ഒരു അതിഥി തൊഴിലാളിയെ കൂട്ടമായി നാം തല്ലിക്കൊന്നു. സ്വയം “പ്രബുദ്ധർ” എന്ന് ഉറക്കെ അവകാശപ്പെടുന്ന കേരളീയർ – മലയാളികൾ തന്നെയാണ് ഇത് ചെയ്തത് എന്നത് നമ്മെ കൂടുതൽ ലജ്ജിപ്പിക്കേണ്ട കാര്യമാണ്. ഇതിന്റെ മുമ്പിൽ കേരളസമൂഹം തല താഴ്ത്തണം. ചണ്ഡീഗഡിൽ നിന്ന് പുതുതായി ജോലിക്കെത്തിയ ആ മനുഷ്യൻ, ഗൃഹാതുരത്വം കൊണ്ടും ജീവിതസമ്മർദ്ദങ്ങൾ കൊണ്ടും മാനസികമായി തളർന്നുപോയ ഒരു സാധുവായിരുന്നു. അവനെ നാം തെരുവിൽ വീണു മരിക്കാൻ വിധിച്ചു.


പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും —എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു. കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ, ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു . അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു . സഹജീവിയെ തല്ലിക്കൊന്ന മനുഷ്യൻ മൃഗത്തേക്കാൾ ഭീകരനാണ്. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മിൽ ആരും പാടില്ല. അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക. സംരക്ഷിക്കരുത്. ന്യായീകരിക്കരുത്. മൗനം പാലിക്കരുത്.

ഇനിയും ഇതാവർത്തിക്കാതിരിക്കണമെങ്കിൽ, ഓരോ മലയാളിയും ഉണരണം. മനുഷ്യജീവിതത്തിന്റെ വില നമ്മുടെ വാക്കുകളിലല്ല, നമ്മുടെ പ്രവർത്തികളിലാണ് തെളിയേണ്ടത്’ -ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.

ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

രാം നാരായണൻ എന്ന ദലിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചു കൊന്നതിൽ നിയമനടപടികൾക്ക് നേതൃത്വം നൽകാൻ 'ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' രൂപീകരിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലടക്കം വ്യാപകമാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ വംശീയവും മതപരവും ജാതീയവുമായ വിദ്വേഷങ്ങൾ വളർത്തി അപരനെ തല്ലിക്കൊല്ലുന്ന രാഷ്ട്രീയ പദ്ധതിക്ക് കേരളത്തിൽ ഇടം നൽകാതിരിക്കാൻ ജനകീയ പ്രതിരോധങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.


കൊല്ലപ്പെട്ട രാംനാരായണൻ അതിശക്തമായ ആൾക്കൂട്ട ആക്രമണത്തിന് വിധേയനാക്കപ്പെട്ടതായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ഈ ആൾക്കൂട്ട കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരമെന്ന നിലയിൽ 25 ലക്ഷം രൂപ അനുവദിക്കുക, 2018ലെ തെഹ്സിൻ പൂനെ വാല V/s. യൂണിയൻ ഗവ. ഓഫ് ഇന്ത്യ വിധിയിലെ മാർഗ നിർദ്ദേശക തത്വങ്ങൾ ഈ കേസിൽ പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളും ആക്ഷൻ കമ്മറ്റി ഉന്നയിച്ചു. 

Tags:    
News Summary - palakkad walayar mob lynch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.