ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് നെഹ്റു കോളജ്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയി പരീക്ഷക്ക് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് കോളജ്. ഇക്കാര്യം കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷന് കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കി. മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷമെ നിജസ്ഥിതി പറയാനാകൂ എന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനും കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സംഭവത്തില്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. എ.എസ്.പി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കോളജ് പ്രിന്‍സിപ്പലിന് വേണ്ടി ദൂതനാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പരീക്ഷയില്‍ ജിഷ്ണു രണ്ട് തവണ തൊട്ടടുത്ത വിദ്യാര്‍ഥിയുടെ പേപ്പറില്‍ നിന്ന് നോക്കിയെഴുതിയിട്ടുണ്ട്. ഇത് ഇന്‍വിജിലേറ്ററായ അസി.പ്രഫ പ്രവീണ്‍ കണ്ട് നോക്കിയെഴുതിയ ഭാഗം നീക്കി. ഇക്കാര്യം പരീക്ഷാ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതനുസരിച്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തി ജിഷ്ണുവിനെ ഉപദേശിച്ച് വിടുകയായിരുന്നു. കുട്ടിയുടെ ഭാവിയെ കരുതിയാണ് സര്‍വകലാശാലയെ അറിയിക്കാത്തത്. മര്‍ദനമേറ്റെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.  മാധ്യമങ്ങള്‍ ഉള്‍പ്പെടെ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് പ്രിന്‍സിപ്പലിന്‍െറ വിശദീകരണത്തിലുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, ജിഷ്ണു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ്, ലീവ് ലെറ്റര്‍, സംഭവം നടന്ന ഹോസ്റ്റല്‍, കുളിമുറി, പരീക്ഷാ ഹാള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പും സഹപാഠികളും കോളജ് അധികൃതരും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയെന്ന് എ.എസ്.പി കമീഷനെ അറിയിച്ചു.  28ന് കേസ് വീണ്ടും പരിഗണിക്കും.

 

Tags:    
News Summary - jishnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.