ജിഷ്ണുവിന്‍െറ മരണം: അന്വേഷണ സംഘത്തിലെ രണ്ട് സി.ഐമാരെ മാനേജ്മെന്‍റ് വശത്താക്കിയെന്ന് മാതാവ്

തിരുവനന്തപുരം: ജിഷ്ണു പ്രണോയ്യുടെ ദുരൂഹമരണം അന്വേഷിക്കുന്ന സംഘത്തിലെ രണ്ട് സി.ഐമാരെ കോളജ് മാനേജ്മെന്‍റ് വശത്താക്കിയെന്ന് മാതാവ് മഹിജ അശോകന്‍. ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ജനുവരി  21ന് അയച്ച പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ജിഷ്ണുവിന്‍െറ മാതാവിന് സര്‍ക്കാര്‍ ആശ്രിതനിയമനം നല്‍കണമെന്ന് പിതാവ് കെ.പി. അശോകന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ജിഷ്ണുവിന്‍െറ മരണം അന്വേഷിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്ന എ.എസ്.പി കിരണ്‍ നാരായണന്‍ വിശ്വസ്തതയുള്ള ഉദ്യോഗസ്ഥനാണ്. എന്നാല്‍, അന്വേഷണസംഘത്തിലെ രണ്ട് സി.ഐമാരെ മാനേജ്മെന്‍റ് വശത്താക്കിയെന്ന് സംശയമുണ്ടെന്ന് മാതാവ് മഹിജ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണസംഘം കുറ്റക്കാരെ പ്രതിചേര്‍ക്കാന്‍ ഭയക്കുന്നു. ജിഷ്ണു കോപ്പിയടിച്ചെന്ന കെട്ടുകഥ പൊളിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം നടന്നു എന്നതിന് തെളിവായി നിരവധി സാക്ഷി മൊഴികളുമുണ്ട്. എന്നിട്ടും കുറ്റക്കാരെ പ്രതിചേര്‍ക്കാന്‍ മടിക്കുകയാണ്. തെളിവ് നശിപ്പിക്കാന്‍ മാനേജ്മെന്‍റ് ശ്രമിക്കുന്നു. ഇതിനായി സാക്ഷികളായ കുട്ടികള്‍ക്കുനേരെ ഭീഷണിയുണ്ട്.

അധ്യാപകരാരും മൊഴി നല്‍കിയില്ളെന്നത് ഇതിന് തെളിവാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അട്ടിമറിച്ചു. ഗള്‍ഫിലെ ചെറിയ ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്ന തനിക്ക് ജിഷ്ണുവിലായിരുന്നു പ്രതീക്ഷയെന്ന് പിതാവ് കെ.പി. അശോകന്‍ കത്തില്‍ പറഞ്ഞു. മകന്‍െറ ദാരുണമായ അന്ത്യം ഭാര്യയും ഒരു മകളുമുള്ള കുടുംബത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. തനിക്ക് നാട്ടില്‍ മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഭാര്യ മഹിജക്ക് സര്‍ക്കാര്‍ ആശ്രിതനിയമനം നല്‍കിയാല്‍ തങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും വ്യക്തമാക്കുന്നു.

 

Tags:    
News Summary - jishnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.