‘ബി.ജെ.പി പോലും രാഷ്​ട്രീയ ആയുധമാക്കാത്ത മാറാട് കലാപത്തെ സി.പി.എം ഉപയോഗിക്കുന്നത് അപകടകരം; എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുത്’-പി. മുജീബുറഹ്മാൻ

തിരുവനന്തപുരം: ബി.ജെ.പി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മാറാട് കാലപത്തെ ആയുധമാക്കാൻ സി.പി.എം ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ.

മാറാട് കലാപത്തിന്റെ മുറിവുണക്കാൻ ശ്രമിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമി. അന്നത്തെ അമീർ സിദ്ദീഖ് ഹസ്സനാണ് മാറാട് സന്ദർശിച്ച് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിന് മുന്നിൽ നിന്നത്. കേരളം മറക്കാൻ ആഗ്രഹിക്കുന്ന മുറിവാണ് മാറാട്. മുതിർന്ന സി.പി.എം നേതാവായ എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നും പി.മുജീബുറഹ്മാൻ പറഞ്ഞു.

സി.പി.എം കേന്ദ്ര ​കമ്മിറ്റി അംഗം കൂടിയായ എ.കെ ബാലന്റെ പ്രസ്താവനയോടുള്ള മറുപടിയായാണ് ജമാഅത്തെ ഇസ്‍ലാമി അമീർ വാർത്താ സമ്മേളനത്തിൽ ശക്തമായി തുറന്നടിച്ചത്.

‘വെള്ളാപ്പള്ളിയെ പുറത്തും, എ.കെ ​ബാലനെ അകത്തും നിർത്തിയുള്ള വർഗീയ വിഷം ചീറ്റൽ പ്രബുദ്ധ കേരളം വിവേകത്തോടെ തിരിച്ചറിയുന്നുണ്ടെന്ന് സി.പി.എം മനസ്സിലാക്കണം. ജമാഅത്തെ വിമർശിക്കാം, പക്ഷേ, കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കരുത്.’ -തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി അമീർ പറഞ്ഞു.

‘മാറാട്ക ലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കലാപങ്ങൾ നടക്കുന്ന എല്ലായിടത്തും അതിനെ തണുപ്പിക്കാൻ മുന്നിൽ നിന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. 75 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം. സമൂഹത്തിന് ഉപകാരപ്പെടാത്ത ഒരു പ്രവർത്തനവും നടത്തുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹ്യ മൂല്യങ്ങൾ അനുസരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്നു’ -പി. മുജീബുറഹ്മാൻ പറഞ്ഞു.

‘ഇടതുപക്ഷം കൂടിയുള്ള ഒരു കേരളം ഉണ്ടാകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ മത നിരപേക്ഷ മനസിന് അതാണ് ആവശ്യം. ജമാഅത്തിനെ ടൂൾ ആക്കിയുള്ള സി.പി.എം നീക്കം അപകടകരമാണ്, അതിൽ നിന്ന് പിന്മാറണം. സംഘ് പരിവാറിനെ തടയുന്നതിന് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല ബാധ്യത. ഇതിനായി ഇടത് വലത് സംഘടനകൾ ഒരുമിച്ചു നിൽക്കണം. അങ്ങനെ നിന്നിരുന്നെങ്കിൽ തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരിക്കില്ലായിരുന്നു. ഇൻഡ്യ മുന്നണി എന്ന നിലയിൽ ബി.ജെ.പി കടന്നുവരുന്നതിനെ സി.പി.എമ്മും കോൺഗ്രസും ചെറുക്കണം എന്നാണ് ഞങ്ങളുടെ നിലപാട്’

‘കേരളത്തിൽ ഒരു വർഗീയ ഏറ്റുമുട്ടലുകളിലോ സംഘർഷങ്ങളിലോ ജമാഅത്ത് പങ്കാളിത്തം കാണാൻ സാധിക്കില്ല. എല്ലാ ഇടങ്ങളിലും സൗഹൃദവും സമാധാനവും ഉറപ്പാക്കാൻ​ ശ്രമിച്ച സംഘമാണ് ജമാഅത്തെ ഇസ്‍ലാമി. 1991ൽ പാലക്കാടെ സിറാജുന്നീസ വധത്തിനു പിന്നാലെ ഉയർന്ന കലാപാന്തരീക്ഷം അവസാനിപ്പിക്കാൻ സൗഹൃദവേദി രൂപീകരിച്ച് സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാദാപുരം കലാപം നടന്ന വേളയിൽ എന്താണ് സി.പി.എം നിർവഹിച്ചത്. അവിടെ നിയമം കൈയിലെടുക്കുകയായിരുന്നു അവർ. ടി.പി ചന്ദ്രശേഖരനെ 51 വെട്ടിൽ കൊന്നപ്പോൾ, ‘മാഷാ അല്ലാഹ്’ എന്ന് വാഹനത്തിന് പുറത്ത് സ്റ്റിക്കർ പതിച്ചത് ഒരു കാലപത്തിന്റെ വിത്തുവിതക്കാനായിരുന്നില്ലേ. ഒരുപാട് കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും രക്തക്കറ പുരണ്ട, അതിനായി ക്വട്ടേഷൻ സംഘങ്ങളെ സൃഷ്ടിച്ച, കൊടി സുനിമാർക്ക് സുഖവാസം ഒരുക്കിയ പാരമ്പര്യം സി.പി.എമ്മിനല്ലാതെ മറ്റാർക്കാണുള്ളത്. എന്നാൽ, ഇത്തരത്തിലൊരു കൊലപാതകമോ കലാപമോ ജമാഅത്തിന്റെ പേരിലില്ല. ഒരു ദ്രുവീകരണ പ്രവർത്തനങ്ങളിലും പേര് പോലും പരാമർശിക്കപ്പെടാത്ത, ജനാധിപത്യപരമായും നിമാനുസൃതമായും സാഹോദര്യത്തോടെ പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‍ലാമിക്ക് നേരെ ഇത്തരത്തിൽ നിരുത്തരവാദ പ്രസ്താവന എങ്ങനെയാണ് നടത്തുക. ​വളരെ അപകടരമായ നീക്കമാണ് സി.പി.എം നടത്തുന്നത്. ജമാ അത്തെ ഇസ്‌ലാമി എന്ത് വർഗീയ പ്രവർത്തനം ആണ് നടത്തിയിട്ടുള്ളത് എന്ന് സി.പി.എം വ്യക്തമാക്കണം.’-പി. മുജീബുറഹ്മാൻ പറഞ്ഞു.

Full View

‘തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് സി.പി.എം പാഠം പഠിക്കണം. മാറാടിനെ രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കരുത്. വിവേകമുള്ളവർ സി.പി.എമ്മിൽ ഉണ്ടെങ്കിൽ എ.കെ ബാലനെ തിരുത്തണം. ജമാഅത്തിന് പ്രത്യേക രാഷ്ട്രീയമില്ല. ബിജെപിയെ തോൽപ്പിക്കാൻ വെൽഫെയർ പാർട്ടിയുടെ താല്പര്യം ഒഴിവാക്കിയും ജയിക്കുന്നവരെ പിന്തുണക്കും. ദേശീയ തലത്തിൽ മുസ്‌ലിം വോട്ടുകൾ ശിഥിലമാകതെ ശ്രമിച്ചിട്ടുണ്ട്. മൗദൂതി ഒരിക്കലും ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. കോൺഗ്രസുമായി ഏറെ സംഘർഷപ്പെട്ടിട്ടുണ്ട്. ഇനിയും പ്രതിഷേധിക്കേണ്ടുന്ന ഘട്ടം ഉണ്ടായാൽ പ്രതിക്ഷേധിക്കും. സി.പി.എം നിലപാട് തിരുത്തിയാൽ ഇനിയും അവരെ പിന്തുണക്കും. 2011 വരെ പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. സി.പി.എം ഒരു ന്യൂനപക്ഷ വിരുദ്ധ പാർട്ടി ആണെന്ന് കരുതുന്നില്ല. ജമാഅത്ത് ആർ.എസ്.എസുമായി ചർച്ച നടത്തിയിട്ടില്ല. വിവിധ മുസ്‌ലിം സംഘടനകളുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തത്’ -പി.മുജീബുറഹ്മാൻ പറഞ്ഞു.

ജഅത്തിനെ ടൂൾ ആക്കി, വർഗീയ വിഷം ചീറ്റി ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനുള്ള സി.പി.എം നീക്കം അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അപര മത വിദ്വേഷം പടർത്താൻ ജമാ അത്തെ ഇസ്ലാമി ശ്രമിച്ചിട്ടുണ്ടോയെന്ന് സി.പി.എം പറയണം. ഒരു കേസെങ്കിലും ഈ 10 വർഷത്തിനിടെ കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ എടുത്തിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 

Tags:    
News Summary - Jamaat-e-Islami healed the wounds of marad riots; A.K. Balan should not become an innovative Goebbels - P. Mujibur Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.