കോഴിക്കോട്: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന്‍റെ രജതജൂബിലി വാർഷികത്തിൽ അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ പരിഹാസ കുറിപ്പുമായി സി.പിഎം നേതാവ് പി. ജയരാജന്‍റെ മകൻ ജെയിൻ രാജ്. ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.. സുധാമണി’ എന്നാണ് ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചത്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനാണ് അമൃതാനന്ദമയിയെ ആദരിച്ചത്. മാതൃഭാഷയെ മറക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് അമ്മ ലോകത്തിന് നൽകക്‍യതെന്ന് മന്ത്രി പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ഇത് കേവലം ആദരമല്ല, സാംസ്കാരികമായ ഉണർവാണെന്നും മുഖ്യമന്ത്രിയുടെ ആശംസയും ആദരവും അറിയിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എമാരായ സി.ആർ. മഹേഷ്, ഉമ തോമസ് എന്നിവർ സംസാരിച്ചു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഐ.ജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ നാരായണൻ, നടൻ ദേവൻ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമിനി സുവിദ്യാമൃത പ്രാണ തുടങ്ങിയവർ സംസാരിച്ചു.
പുരസ്കാരം മലയാളഭാഷക്ക് സമർപ്പിക്കുന്നെന്ന് മറുപടി പ്രസംഗത്തിൽ അമൃതാനന്ദമയി പറഞ്ഞു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിലാണ് അമൃതാനന്ദമയി സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.