ലോകായുക്തയുടെ പല്ല് പിണറായി പിഴുതു, ഇനി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല

ആലപ്പുഴ: ലോകായുക്തയുടെ പല്ല് മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയൻ പിഴുതെടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് ​ഗവർണർ ഒപ്പുവെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു. ലോകായുക്തയെ ഇനി പിരിച്ചു വിടണം. കോടിക്കണക്കിന് രൂപ ചെലവ് ചെയ്യേണ്ട ആവശ്യമില്ല. അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യകൂദാശയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിനായിട്ടില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിന് പൂർണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണനയിൽ ഇരിക്കെ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത് അധികാരദുർവിനിയോഗം ആണ്. ഇത് അധാർമികം ആണ്. പിണറായി വിജയൻ ഏകാധിപതിയാണ്. ഇ.കെ. നയനാരുടെയും ഇ. ചന്ദ്രശേഖരൻ നായരുടെയും ആത്മാവ് പിണറായിയോട് പൊറുക്കില്ല. സി.പി.എം ദേശീയ നേതൃത്വം മറുപടി പറയണം. ​ഗവർണർ-മുഖ്യമന്ത്രി കൂട്ടുകച്ചവടം ആണ് നടക്കുന്നത്.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മികച്ച പാർലമെൻറിയൻ ആയിരുന്ന ആളാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഒരു പേഴ്സണൽ സ്റ്റാഫിന് വേണ്ടി ​ഗവർണർ എല്ലാം വിഴുങ്ങി. പ്രതിപക്ഷം ഇത് അനുവദിക്കില്ല പോരാട്ടം തുടരും. ​ഗവർണർ സർവ്വകലാശാല വിഷയത്തിൽ അടക്കം ഒരുപാട് കാര്യങ്ങൾ പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിയെ കണ്ടപ്പോൾ എല്ലാം തീർന്നു.

ഇത് കറുത്ത ഓർഡിനൻസ് ആണ്. രാഷ്ട്രപതിയുടെ അംഗീകാരം ഈ ഓർഡിനൻസിന് വേണം. ഇത് നിലനിൽക്കില്ല. അതാണ് തങ്ങൾക്ക് കിട്ടിയ നിയമോപദേശം. മന്ത്രി ആർ. ബിന്ദുവിന് എതിരായ ലോകായുക്ത കേസ് റിവ്യൂ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ പോകും. തന്‍റെ ഭാഗം കേൾക്കാതെയാണ് പരാതി തള്ളിയത്. കളിയാക്കുന്ന രീതി ആയിരുന്നു ലോകായുക്തയുടേത്. മന്ത്രി ബിന്ദു അധികാര ദുർവിനിയോഗം നടത്തി എന്നത് വ്യക്തമാണ്.

സ്വർണക്കടത്ത് കേസിൽ നേരത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞു. ശിവശങ്കർ ഒരു വ്യക്തിയല്ല, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. അതുകൊണ്ട് കേസ് ഒരിടത്തും എത്തിയില്ല. 164 പ്രകാരം കോടതിയിൽ പറഞ്ഞ കാര്യമാണ് സ്വപ്ന വെളിപ്പെടുത്തിയത്. ഇതിൽ പുനരന്വേഷണം നടത്തണം. ഒരന്വേഷണ എജൻസിയെയും വിശ്വസിക്കാനാകുന്നില്ല. കമീഷൻ എല്ലാവർക്കും കിട്ടിയിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - It is better to dissolve lokayukta says ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.