ശബരിമലയിലേത് രാജ്യാന്തര വിഗ്രഹക്കടത്തോ? സ്വർണം നഷ്ടമായത് എത്രയെന്ന് കണ്ടെത്തണമെന്നും ഹൈകോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമാണോയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈകോടതി. രാജ്യാന്തര ശൃംഖലയുടെ ഭാഗമായുള്ള കള്ളക്കടത്തുകാരുടെ പദ്ധതിക്ക് സമാനമായ കാര്യങ്ങളാണ് ശബരിമലയിൽ നടന്നത്. രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ പകർപ്പെടുത്തു. ഇതിന്റെ പകർപ്പ് നിർമ്മിച്ച് രാജ്യാന്തര മാർക്കറ്റിൽ എത്തിക്കാൻ ശ്രമം ഉണ്ടായോ? വൻ വിലക്ക് വിൽക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി നീക്കം നടത്തിയോ? എന്നും കോടതി ചോദിച്ചു.

സ്വർണക്കൊളള നടന്നത് 2019 മുതലാണെങ്കിലും 2018 മുതലുളള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പകർപ്പുണ്ടാക്കിയുളള സ്വർണക്കൊളളയാണ് നടന്നതെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് സന്നിധാനത്തടക്കം ശാസ്ത്രീയ പരിശോധനക്കും പൊലീസ് സംഘത്തിന് അനുമതി നൽകി. ശാസ്ത്രീയ പരിശോധനക്കും നിർദേശം നൽകിയിട്ടുണ്ട്. കട്ടിളപാളികളുടേയും ദ്വാരപാലക ശിൽപങ്ങളുടേയും പകർപ്പ് എടുക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി പല തവണ സന്നിധാനത്ത് എത്തി. സന്നിധാനത്ത് ഇയാൾക്ക് ഒരു നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.

വിജയ് മല്യ നല്‍കിയ വാതിൽപാളിയും കടത്തിയോ എന്ന് സംശയവും കോടതി ഉന്നയിച്ചു. വിജയ് മല്യ നല്‍കിയ വാതിൽപാളി കണ്ടെത്തിയത് അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ്. 24 കാരറ്റിന്റെ 2519.76 ഗ്രാം സ്വര്‍ണ്ണം പൂശിയ വാതിൽപാളിയാണ് കണ്ടെത്തിയത്. കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് ഉപേക്ഷിക്കപ്പെട്ട വാതിൽപാളി മാറ്റിയത്. പിന്നീട് വാതിൽപാളി സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്ന് കണ്ടെത്തിയത് യഥാർഥ വാതിൽപാളികളാണോ എന്ന സംശയവും കോടതി ഉന്നയിച്ചു.

ശാസ്ത്രീയ അന്വേഷണത്തിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ സാമ്പിൾ ശേഖരിക്കാമെന്നും വ്യക്തമാക്കി. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്.ഐ.ടിക്ക് കോടതി നിർദേശം നൽകി. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു.

Tags:    
News Summary - Is the Sabarimala idol smuggling international? High Court wants to find out how much gold was lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.