ഐ.പി.എസ് അഴിച്ചുപണി; നീരസം തീരുന്നില്ല, മന്ത്രിയെ കാണാൻ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് യു.ഡി.എഫ് സർക്കാർ നടത്തിയ ആദ്യ അഴിച്ചുപണിയിൽ പ്രതിഷേധവും പരാതിയും അവസാനിക്കുന്നില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ് ചില ഉദ്യോഗസ്ഥർ. കേഡർ ചട്ടങ്ങള്‍ മറികടന്നാണ് പല നിയമനങ്ങളുമെന്ന പരാതിയുമായി ഐ.ജിമാരിൽ ചിലർ ഡി.ജി.പി രവാഡ ചന്ദ്രശേഖറെ സമീപിച്ചു. സ്ഥലംമാറ്റത്തിൽ ഐ.പി.എസ് തലപ്പത്തുള്ള നീരസം ഡി.ജി.പി ആഭ്യന്തരമന്ത്രിയെയും പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രനെയും അറിയിച്ചതായാണ് വിവരം. പൊലീസ് ആസ്ഥാനത്ത് നിന്നുളള ശിപാർശയിൽപ്പെടാത്തവർ പട്ടികയിൽ കടന്നുകൂടിയതിൽ ഡി.ജി.പിക്കും വ്യക്തിപരമായി അതൃപ്തിയുണ്ടെന്നറിയുന്നു.

സർവിസിൽ മോശം പ്രകടനം കാഴ്ചവെച്ച ചിലരെ ജില്ല പൊലീസ് മേധാവികളായി നിയമിച്ചതിലും ഡി.ജി.പിക്ക് അമർഷമുണ്ട്. ജില്ലകളിൽനിന്നും മാറ്റിയ മൂന്ന് എസ്.പിമാർക്ക് പകരം ചുമതല നൽകിയിട്ടില്ല. സ്ഥലംമാറ്റപ്പെട്ട ഡി.ഐ.ജിമാരായ കെ. കാർത്തികും ടി. നാരായണനും പുതിയ ചുമതലകള്‍ ഏറ്റടുക്കുന്നതിൽ വ്യക്തിപരമായ തടസ്സം സർക്കാറിനെ അറിയിച്ചതായാണ് വിവരം. കൊച്ചി, തിരുവനന്തപുരം കമീഷണർ തസ്തികള്‍ ഐ.ജി റാങ്കിലാണ്. പക്ഷേ, കൊച്ചി കമീഷണറായി ഐ.ജി റാങ്കിലെ കാളിരാജ് മഹേഷ് കുമാറിനെ തുടരാൻ അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നിയമനം നൽകിയെന്നാണ് ഒരുവിഭാഗം ഐ.ജിമാരുടെ പരാതി.

ഉത്തരമേഖലയിൽ ഐ.ജിയെ നിയമിച്ചതുമില്ല. ദക്ഷിണ മേഖല ഐ.ജിയായി ദീർഘകാലമായി തുടരുന്ന ജി. സ്പർജൻകുമാറിനെ മാറ്റി ഐ.ജിയായി സ്ഥാനക്കയറ്റം നൽകിയ ഉദ്യോഗസ്ഥർക്ക് അവസരം നൽകിയില്ലെന്ന പരാതിയുമുണ്ട്. അനുരഞ്ജനത്തിന്‍റെ ഭാഗമായി ചിലരെ ജില്ലകളിൽ ഉള്‍പ്പെടുത്തേണ്ടിവന്നപ്പോള്‍ ജൂനിയർ ഐ.പി.എസ് ഉദ്യോഗസ്ഥർ പുറത്തായെന്ന ആക്ഷേപവുമുണ്ട്. തിരുവനന്തപുരം റൂറൽ, കോഴിക്കോട് റൂറൽ, വയനാട് ജില്ല എസ്.പിമാർക്ക് ചുമതലയേറ്റ് മാസങ്ങൾക്കുള്ളിലാണ് സ്ഥാനം നഷ്ടപ്പെട്ടത്.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടുതവണ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായെങ്കിലും ബുധനാഴ്ച രാത്രി വൈകിയിറങ്ങിയ ഉത്തരവ് പ്രകാരമുള്ള ആദ്യ പൊലീസ് അഴിച്ചുപണി പാളിയെന്ന നിലയിലാണ് കാര്യങ്ങൾ. പൊലീസുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളുണ്ട്. കഴിഞ്ഞ സർക്കാർ നിയമിച്ച പലരും ഇപ്പോഴും പ്രധാന തസ്തികകളിൽ തുടരുന്നതിൽ സേനയിലെ യു.ഡി.എഫ് അനുകൂലികൾ അതൃപ്തിയിലാണ്. സ്പെഷൽബ്രാഞ്ചിൽ ഇപ്പോഴും തുടരുന്നത് ഇടതുഅനുകൂലികളാണെന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നു.

Tags:    
News Summary - IPS sacking; resentment continues, officials meet minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.