ജഡ്ജിമാര്‍ക്കെന്ന വ്യാജേന പണം വാങ്ങൽ: അഡ്വ. സൈബിക്കെതിരെ അന്വേഷണം തുടങ്ങി; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: ഹൈകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

പ്രത്യേകസംഘത്തിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി ഷെയ്‌ഖ്‌ ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച്‌ എസ്‌.പി കെ.എസ്‌. സുദർശന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ക്രൈംബ്രാഞ്ച്‌ ഡിറ്റക്ടിവ്‌ ഇൻസ്പെക്ടർമാരായ ശാന്തകുമാർ, സിബി ടോം, ഗ്രേഡ്‌ എസ്‌.ഐമാരായ കലേഷ്‌കുമാർ, ജോഷി സി. എബ്രഹാം, അമൃതരാജ്‌, ജയ്‌മോൻ പീറ്റർ എന്നിവരാണ്‌ അന്വേഷണസംഘത്തിൽ.

ഹൈകോടതി നിർദേശപ്രകാരം കൊച്ചി സിറ്റി പൊലീസ് കമീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇയാൾക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാൻ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നൽകാനെന്നുപറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയതായി ഹൈകോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റിസിന്‍റെ നിർദേശപ്രകാരമാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.

പീഡനക്കേസിൽ ഉൾപ്പെട്ട സിനിമ നിർമാതാവിന്‍റെ പക്കൽനിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി പണം വാങ്ങിയെന്ന് മൊഴിയുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞതിന് സൈബിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മൊഴിയുണ്ട്.

വിവരം ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനെയും വിജിലൻസ് രജിസ്ട്രാറെയും അറിയിച്ചതിന് ഭീഷണിപ്പെടുത്തിയതായി മറ്റൊരു അഭിഭാഷകനും മൊഴി നൽകിയിരുന്നു. ധനിക കുടുംബാംഗം അല്ലാതിരുന്നിട്ടും ആഡംബര ജീവിതം നയിച്ചിരുന്ന സൈബിയുടെ വിശ്വാസ്യത സംശയകരമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ചലച്ചിത്രതാരങ്ങളടക്കമുള്ളവർ ഇദ്ദേഹത്തിന്‍റെ കക്ഷികളാണ്. വിഷയത്തിൽ അന്വേഷണം ആവാമെന്ന നിയമോപദേശമാണ് അഡ്വക്കറ്റ് ജനറലും നൽകിയത്.

ഗൂഢാലോചനയെന്ന് സൈബി

കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളോട് താൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂർ. അന്വേഷണം ആരംഭിക്കാൻ ഡി.ജി.പി നിർദേശം നൽകിയതിന് പിന്നാലെയാണ് സൈബി മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരോപണത്തിന് പിന്നിൽ ചില വ്യക്തികളാണ്. ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ മുതൽ ഇവർ തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അഭിഭാഷകരുടെ മൊഴിയാണ് തനിക്കെതിരെയുള്ളത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണിതെല്ലാം. കേസിൽ ഗൂഢാലോചനക്കാരുടെ മൊഴി മാത്രമാണുള്ളത്. ഒരു മുൻ ജഡ്ജിയുടെ പേരുമായി ചേർത്ത് മുൻ മന്ത്രി ഉന്നയിക്കുന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സത്യം തെളിയുമെന്നും സൈബി പറഞ്ഞു. 

Tags:    
News Summary - Investigation started against Adv. Saibi; FIR registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.