തിരുവന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ വിലങ്ങണിയിച്ചതിൽ അന്വേഷണം. കഴിഞ്ഞദിവസം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് എൻ. വാസുവിന്‍റെ ഒരു കൈയിൽ വിലങ്ങ് അണിയിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് വിഷയത്തിൽ റിപ്പോര്ട്ട് തേടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. തിരുവനന്തപുരം എ.ആർ ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്റിനോട് ആണ് റിപ്പോർട്ട് ഉടൻ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
പൊലീസുകാരെ ആക്രമിക്കാനോ, ഓടിരക്ഷപ്പെടാനോ സാധ്യതയില്ലാത്ത പ്രതിയായ വാസുവിനെ കൈയാമം വെച്ചത് അനാവശ്യ നടപടി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരായിരുന്നു പൂജപ്പുര സ്‌പെഷ്യല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വാസുവിനെ വിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം എ.ആർ ക്യാംപിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എൻ.വാസുവിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വിലങ്ങണിയിച്ചത്.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു, തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കേസില്‍ സി.പി.എം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്.ഐ.ടി അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.
അതേസമയം, സി.പി.എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് പത്മകുമാറിനെ ഒഴിവാക്കാന്‍ ആലോചനയുണ്ട്. ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പങ്കെടുക്കും. ആരെങ്കിലും ഉന്നയിച്ചാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.