'മോശം സന്ദേശങ്ങൾ അയച്ചു, മാനസികമായി പീഡിപ്പിച്ചു'; വനിത എസ്.ഐമാരുടെ പരാതിയിൽ എ.ഐ.ജി വിനോദ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

തിരുവനന്തപുരം: മോശം സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് രണ്ട് വനിത എസ്.ഐമാർ നൽകിയ പരാതിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ വി.ജി. വിനോദ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. എസ്‌.പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല.

മുൻ എസ്.പി വി.ജി. വിനോദ് കുമാർ തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചുവെന്നും മോശം സന്ദേശങ്ങൾ അയച്ചുവെന്നും കാട്ടി പത്തനംതിട്ടയിലെ രണ്ട് വനിത എസ്.ഐമാരാണ് ദിവസങ്ങൾക്ക് മുമ്പ് റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന് പരാതി നൽകിയത്. രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിത എസ്.ഐമാരുടെ മൊഴിയെടുത്ത ഡി.ഐ.ജി, ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഡി.ജി.പി റവഡ ചന്ദ്രശേഖർ പൊലീസ് ആസ്ഥാനത്തെ വുമൺ കംപ്ലയിന്‍റ് സെൽ അധ്യക്ഷയായ എസ്‌.പി മെറിൻ ജോസഫിന് അന്വേഷണ ചുമതല കൈമാറിയത്.

പത്തനംതിട്ട മുൻ ജില്ല പൊലീസ് മേധാവിയായ വി.ജി. വിനോദ് കുമാർ ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫിസിൽ എ.ഐ.ജിയാണ്. പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ദക്ഷിണ മേഖല ഐ.ജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റം. എന്നാൽ, പകരം നിർണായക സ്ഥാനത്തേക്കായിരുന്നു നിയമനം. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പുതല നടപടിയോ ഉണ്ടാകും.

അതേസമയം, മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്നും വനിത എസ്.ഐമാർക്കെതിരെ അന്വേഷണം വേണമെന്നും എ.ഐ.ജി വി.ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നൽകി. വനിത എസ്.ഐമാർക്ക് താൻ മോശം സന്ദേശങ്ങൾ അയച്ചിട്ടില്ല. എസ്‌.പി എന്ന നിലയിൽ ഡ്യൂട്ടിയുടെ ഭാഗമായി മാത്രമാണ് സന്ദേശങ്ങൾ അയച്ചത്. പോഷ് ആക്ടിന്‍റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിച്ച് എസ്.ഐമാർക്കെതിരെ ഗൂഢാലോചനയിൽ അന്വേഷണം വേണം. ഒരേ ഫോണ്ടിൽ പരാതികള്‍ തയാറാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - Investigation against IPS officer on complaint of female SIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.